കിഡ്നാപ്പിംഗ് ഓഫ് മേരിക്കുട്ടി.

കിഡ്നാപ്പിംഗ് ഓഫ് മേരിക്കുട്ടി.

‘'അവന്റെയൊരു മേരിക്കുട്ടി', മറിയാമ്മ പുച്ഛത്തോടെ ചുണ്ടു കോട്ടി.

‘പോട്ടെടവള്, നെനക്ക് ഞാൻ വേറെ കിളിപോലത്തെ പെണ്ണിനെ കണ്ടെത്തി തരാം.’

പത്രോസിനെ കാര്യമായുപദേശിച്ച് മറിയാമ്മ പുരയിലേക്ക് കയറിപ്പോയി.

മേരിക്കുട്ടിയുടെ പിണങ്ങി പോക്ക് പത്രോസിനെ തികച്ചും നിരാശയിലാഴ്ത്തി. അവൻ അവൾ നടന്നു മറഞ്ഞ വഴിയിലേക്ക് മിഴികൾ പായിച്ച് വിഷണ്ണനായി നിന്നു.

മനസ്സിനിണങ്ങുന്ന പെണ്ണിനെ മാത്രമേ കെട്ടൂവെന്ന വാശിയിലായിരുന്നു പത്രോസ്. ഏക മകനായ പത്രോസിന്റെ ഈ കടുംപിടിത്തം അമ്മയായ മറിയക്കുട്ടിയെയും ബ്രോക്കറായ വാറുണ്ണിയെയും കുറച്ചൊന്നുമല്ല വലിപ്പിച്ചു കളഞ്ഞത്.

അവസാനം അവൻ ആഗ്രഹിച്ചതുപോലെ ഒരുവളെ കണ്ടെത്തുകയും ചെയ്തു. മേരിക്കുട്ടി!

വെളുത്തുതുടുത്ത് ചോര കശുമാങ്ങയുടെ നിറമുള്ള പെണ്ണ്. അര കവിഞ്ഞു കിടക്കുന്ന മുടി. അയല്പക്കത്തെ ത്രേസ്സ്യാമ്മ ചേടത്തിയുടെ അഭിപ്രായത്തിൽ മുഖത്ത് നോക്കിയ വേറെയെങ്ങും നോക്കില്ല. അത്രയ്ക്കും അഴകുണ്ട് ആ മുഖത്തിന്.

മരുമകളെ മറിയാമ്മയ്ക്കും നന്നായി പിടിച്ചു. എന്നാൽ ആ സ്നേഹം ഇഷ്ടക്കേടിലേക്ക് വഴിമാറുവാൻ അധികകാലം വേണ്ടിവന്നില്ല. തന്റെ മകന്റെ മനസ്സു കവർന്ന തരുണീമണിയോട് ഏതൊരു അമ്മയ്ക്കും തോന്നുന്ന അസൂയ അവരെയും കീഴടക്കി.

പിന്നെ തൊട്ടതിനും പിടിച്ചതിനുമെല്ലാം വഴക്കായി കയ്യാങ്കളിയായി അവസാനം ഒരു കൊച്ചു വെളുപ്പാൻ കാലത്ത് കൂടും കുടുക്കയുമെടുത്ത് മേരിക്കുട്ടി ആ വീടിന്റെ പടിയിറങ്ങി.

മേരിക്കുട്ടിയുടെ അഭാവത്തിൽ പത്രോസിന് ആകെ കൂടി ഒരു സുഖമില്ലായ്മ അനുഭവപ്പെട്ടു. അവൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. രക്ഷയില്ല! ചാഞ്ഞും ചെരിഞ്ഞും നിവർന്നും ഇരുന്നു നോക്കി. ഒരു രക്ഷയുമില്ല. മനസ്സിൽ ഭയങ്കരമാനമായ വേദന.!

അങ്ങനെ കുണ്ഠിതപ്പെട്ടിരിക്കുന്ന നേരത്ത് മറിയാമ്മ അങ്ങോട്ട് കയറി വന്ന് ഒരു ചോദ്യശരം എയ്തു വിട്ടു.

എന്താ നിന്റെ പെൺപെറന്നോത്തി ചത്തു പോയോ?’കുരങ്ങ് ചത്ത കൊറവൻ കണക്ക് ഇരിക്കുന്നൂണ്ടല്ലോ? ഇന്ന് പീടികൊന്നും തൊറക്കണില്ലേ?

പത്രോസ് പടിഞ്ഞാറേ കവലയിൽ പലചരക്കു കട നടത്തിവരുന്നു.

അപ്പനായി തുടങ്ങി വെച്ച കടയാണത്. അപ്പന്റെ മരണശേഷം ഇപ്പോൾ പത്രോസാണതിന്റെ നടത്തിപ്പുകാരൻ.

‘‘ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? മറിയാമ്മ കോപപ്പെട്ടു.

പത്രോസ് ദയനീയമായി അമ്മയെ നോക്കി. എന്നിട്ട് പതിയെ പറഞ്ഞു

'ഇല്ല''ഇന്ന് എനിക്ക് വയ്യ എന്തോ ഒരേനക്കേട്.’

കുറച്ച് സമയം മറിയാമ്മ മകനെ തന്നെ നോക്കി നിന്നു.

തിരിഞ്ഞു നടക്കുന്നതിനിടയിൽ

'ആ മൂതേവി എന്റെ ചെക്കനെ എന്ത് കൊടുത്ത് മയക്കിയോ എന്തോ? എന്നാത്മഗതം ചൊല്ലി.

പത്രോസിന്റെ അവസ്ഥ നിമിഷം പ്രതി കൂടുതൽ കൂടുതൽ മോശമാകുവാൻ തുടങ്ങി.

അവന് കഴിക്കാൻ വേണ്ട! കുടിക്കാൻ വേണ്ട!

ആലോചന തന്നെ ആലോചന! കൂലംകുഷമായ ആലോചന!

അതിന്റെ കൂടെ ഹൃദയം മുറിയുന്ന, ആത്മാവു നുറുങ്ങുന്ന വേദനയും!

തീരെ ഇരിക്കപ്പൊറുതിയില്ലാതായപ്പോൾ അവൻ ഉമ്മറത്തേക്ക് നീങ്ങി. അൽപം ആശ്വാസം തേടിയുള്ള പോക്കാണത്..മുൻവശത്തെ വയലിൽ നിന്ന് അലയടിക്കുന്ന കാറ്റിൽ ഉള്ളൊന്ന് തണുക്കുമെന്നവൻ കണക്കു കൂട്ടി .. എവടെ ?

അവിടെനിന്ന് ഉയർന്നുപൊങ്ങിയ ഉഷ്ണക്കാറ്റ് അവനെ തപിപ്പിച്ചു കളഞ്ഞു. ഉമ്മറക്കോലായിൽ കിടന്നിരുന്ന പ്ലാസ്റ്റിക് വള്ളികൾ കൊണ്ടുണ്ടാക്കിയ വട്ടകസേരയിൽ അവൻ ഒരു ചോദ്യചിഹ്നമായി വളഞ്ഞിരുന്നു.

ഉറച്ച ഒരു തീരുമാനവുമായിട്ടാണ് അവിടെ നിന്ന് അവൻ എഴുന്നേറ്റത്.

തന്റെ ചങ്കായ, മനസാക്ഷി സൂക്ഷിപ്പുകാരനായ വറീതിനെ പോയി കാണുക. അവൻ എന്തെങ്കിലും ഉപായം കണ്ടെത്താതിരിക്കില്ല.

പിന്നെ താമസിച്ചില്ല, വറീതിനെ തപ്പി ഇറങ്ങി.

ടാക്സീ ഡ്രൈവറായ വറീതിനെ പടിഞ്ഞാറെ കവലയിലെ ടാക്സി സ്റ്റാൻഡിൽ നിന്ന് കണ്ടെടുത്തു.

നേരെ ആളൊഴിഞ്ഞ ആലിൻ ചുവട്ടിലേക്ക്..

അവിടെവെച്ച് പത്രോസ് തന്റെ സങ്കടകെട്ടഴിച്ചു. എല്ലാംശ്രദ്ധയോടെ കേട്ടിരുന്ന വറീത് മാപ്പിള പത്രോസിനോട് ഒരു ചോദ്യമെറിഞ്ഞു.

അല്ല, നിനക്ക് അവൾ തന്നെ വേണമെന്നുണ്ടോ? നമുക്കൊന്നു മാറ്റി പിടിച്ചാലോ? പത്രോസിനെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. രംഗം പന്തിയല്ലെന്ന് കണ്ട വറീത് പ്ലേറ്റ് ഒന്നു മാറ്റി.

‘നിനക്കവളെ തന്നെ വേണമെന്നുണ്ടെങ്കിൽ ഒരു വഴിയുണ്ട്.’

എന്തെന്നമട്ടിൽ പത്രോസ് ആകാംക്ഷ പെട്ടു.

‘നമുക്കവളെയങ്ങ് പൊക്കാം'വറീത് തന്റെ ഷോൾഡർ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു.

‘പൊക്കേ???’അതെങ്ങനെ? പത്രോസ് ആശ്ചര്യം പൂണ്ടു.

‘നിനക്ക് നിന്റെ പെണ്ണിനെ വേണോ?’

‘അടുത്തയിടെ കണ്ട ജയൻ പടത്തിൽ ആവേശം പൂണ്ട വറീത് ജയൻ ടച്ചിൽ നീട്ടിവലിച്ചങ്ങാരാഞ്ഞു?

പത്രോസ് തലയാട്ടി.

‘എങ്കിൽ ഞാൻ പറയുന്നത് കേൾക്ക്. നമുക്കവളെ പൊക്കാം. പക്ഷെ എന്നെ കാര്യമായി ഒന്ന് കാണണം.’

വറീത് ഉദ്ദേശം പത്രോസിന് വ്യക്തമായി.

പക്ഷേ തന്റെ മേരിക്കുട്ടിക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും അവനപ്പോൾ സന്നദ്ധനായിരുന്നു.

അങ്ങനെ അവർ മേരിക്കുട്ടിയുടെ കിഡ്നാപ്പിംഗ് പ്ലാൻ ചെയ്യുന്നതിനിടയ്ക്ക് എപ്പോഴോ പത്രോസിന്റെ തലയിൽ പറന്നുപോകുന്ന ഒരു കാക്ക കാഷ്ഠിച്ചു.

കാക്ക കാഷ്ഠം തുടക്കുന്നതിനിടയിൽ പത്രോസ് മുഖം ചുളിച്ചു.

കാക്ക കാഷ്ഠിക്കുന്നത് ഒരു ദുശകുനമാണെന്നാണ് അമ്മ പറയാറ്.

പിന്നെ! നിന്റെയൊരു ദുശകുനം! സകലമാന അന്ധവിശ്വാസങ്ങളും ചെക്കന്റെ തലയിൽ തള്ള കയറ്റിയിട്ടുണ്ട്. വറീത് മറിയാമ്മയെ പ്രാകി.

അതിനിടയിൽ പത്രോസിനു മറ്റൊരു ആശങ്ക.

മേരിക്കുട്ടിയുടെ ആങ്ങളമാർ മൂന്നും തടിമാടന്മാരാണ്. തട്ടിക്കൊണ്ടുപോകൽ തങ്ങൾക്കൊരു പണിയായി മാറുമോ? എന്നതായിരുന്നു അവന്റെ സംശയം.

‘എടാ പത്രോസേ, നീ തട്ടിക്കൊണ്ട് പോരുന്നത് നിന്റെ കാമുകിയല്ല! നിന്റെ ഭാര്യയെയാണ്.

ഇങ്ങനെ പലവിധ ഗൂഢാലോചനകളിലൂടെ മുന്നേറി, അവസാനം പുലർച്ചെ അഞ്ചു മണിക്ക് മേരിക്കുട്ടിയെ ലക്ഷ്യമാക്കി നീങ്ങാം എന്ന തീരുമാനം കൈകൊണ്ട്, രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞു.

പക്ഷേ അന്ന് പത്രോസിനെ സംബന്ധിച്ച് കാളരാത്രി ആയിരുന്നു.

ഒരുവശത്ത് മേരിക്കുട്ടിയുടെ അഭാവം വരുത്തിവെച്ച ശൂന്യത, മറുവശത്ത് മേരിക്കുട്ടിയുടെ കിഡ്നാപ്പിംഗ് ഉയർത്തിക്കൊണ്ടുവരുന്ന മാനസിക സംഘർഷം.

ഇതിനെല്ലാം പുറമേ താനെങ്ങാനും ഉറക്കത്തിൽ പെട്ടുപോയാലോ എന്ന ആശങ്കയും അയാളെ അലട്ടിയിരുന്നു..

ചുരുക്കത്തിൽ അന്നത്തെ രാത്രി ഉറങ്ങണ്ട എന്ന തീരുമാനമെടുത്തു. തുടർന്ന് ഉറക്കത്തെ പിടിച്ചുകെട്ടാനുള്ള നടപടി ക്രമങ്ങളിലേക്ക് കടന്നു.

കട്ടൻ ചായ കുടിച്ചും, തണുത്ത വെള്ളത്തിൽ കാൽ ഇറക്കിവച്ചും, ഉച്ചത്തിൽ ഓശാന പാടിയും നേരം കഴിച്ചെടുക്കുവാൻ അവൻ പണിപ്പെട്ടു.

ഇതെല്ലാം കണ്ടും കേട്ടും അന്തം വിട്ട കുന്തം പോലെ ഒരാൾ അടുത്ത മുറിയിൽ ഇരിപ്പുണ്ടായിരുന്നു. നമ്മുടെ സാക്ഷാൽ മറിയാമ്മക്കുട്ടി. തന്റെ മകനെന്തുപറ്റിയെന്ന് ആയമ്മ ആകമാനം ആശങ്കപ്പെട്ടു.

‘എന്റെ അന്തോണീസ് പുണ്യാളാ…. എന്റെ ചെക്കനിതെന്തു പറ്റി?

അവള് പോയ ‘തുക്ക’ത്തില് അവന്റെ പെരിയെങ്ങാനും ഇളകിപ്പോയാ!

‘ഈശോ മറിയം ഔസേപ്പേ 'ആ മൂതേവി എങ്ങനേലുമൊന്ന് വന്നു കിട്ടിയാ മതി!’

അവർ നെടുവീർപ്പിട്ടു!

പുലർച്ചയ്ക്ക് നാലുമണിക്ക് തന്നെ കുളിച്ചൊരുങ്ങി കുട്ടപ്പനായി, പത്രോസ്, നമ്മുടെ വറീതിന്റെ വീട്ടിൽ എത്തി.

തുടർച്ചയായ മുട്ടു കേട്ട് ഉറക്കച്ചടവോടെ വാതിൽ തുറന്ന വറീത് മുന്നിൽ പത്രോസിനെ കണ്ട് എന്താ ഇത്ര നേരത്തെ എന്ന് ആരാഞ്ഞു.

എന്നാൽ പത്രോസുണ്ടോ വിടുന്നു.

അവസാനം കുളിച്ചൊരുങ്ങി വറീത് പത്രോസിനൊപ്പം തന്റെ കാറിൽ പുറപ്പെട്ടു.

കൃത്യം അഞ്ചുമണിക്ക് അവർ മേരിക്കുട്ടിയുടെ ഇടവകയിലെ പള്ളിക്കു സമീപം തുറന്നുകിടക്കുന്ന പറമ്പിൽ തങ്ങളുടെ കാർ പാർക്ക് ചെയ്തു.

തുടർന്ന് മേരിക്കുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.

മേരിക്കുട്ടിയും ചേട്ടത്തിമാരും പള്ളിയിലേക്ക് തിരിയുന്ന ഇടവഴിയിൽ അവൻ വഴി കണ്ണുമായി കാത്തുനിന്നു. ഏറെ താമസിക്കേണ്ടി വന്നില്ല .

പതിഞ്ഞസ്വരത്തിൽ വിശേഷങ്ങൾ കൈമാറി, മന്ദം മന്ദമങ്ങനെ സ്ത്രീജനങ്ങൾ തങ്ങളുടെ വരവറിയിച്ചു.

പത്രോസ് സൂക്ഷിച്ചുനോക്കി.

അവൻ ആഗ്രഹിച്ചതുപോലെ മേരിക്കുട്ടി പുറകിലാണ് നടന്നിരുന്നത്. പതിയെ, ഏതോ ആലോചനയിൽ നിമഗ്നനായി.

അവർ തന്നെ കടന്നു പോയ നിമിഷം പത്രോസ് പതിയെ പുറകിലൂടെ ചെന്ന്, മേരിക്കുട്ടിയുടെ ഇടുപ്പിലൂടെ കൈ ചുറ്റി പൊക്കിയെടുത്തു. ശബ്ദം ഉണ്ടാക്കാതിരിക്കാൻ തന്റെ കരതലം കൊണ്ട് അവളുടെ വാ പൊത്തി , കാർ ലക്ഷ്യമാക്കി നടന്നു.

പെട്ടെന്നുണ്ടായ ഷോക്കിൽ സ്തബ്ധയായി പോയ മേരിക്കുട്ടി പെട്ടെന്ന് മനസ്സാന്നിധ്യം കൈവരിച്ച് രക്ഷപ്പെടാനായി കുതറി പരിശ്രമിച്ചു. അപ്രതീക്ഷിത കിഡ്നാപ്പിങ്ങിൽ മേരിക്കുട്ടി ഭയന്നുവിറച്ചു പോയി എന്നു മനസ്സിലാക്കിയ പത്രോസ് അവളുടെ ചെവിയിൽ കാതരനായി പതിയെ മന്ത്രിച്ചു .

‘ഇത് ഞാനാ! പത്രോസ്!!!!!’

പത്രോസിന്റെ സ്വരം കേട്ട മാത്രയിൽ മേരിക്കുട്ടി പതുങ്ങി അനങ്ങാതെ ആ നെഞ്ചിൽ തല ചായ്ച്ചു കിടന്നു .

കാറിനടുത്തെത്തിയ പത്രോസ് ഡോർ തുറന്ന് മേരിക്കുട്ടിയെ പിൻസീറ്റിലേക്കിരുത്തി. ഒപ്പം പത്രോസും.

ലജ്ജയിൽ മുങ്ങി, കുനിഞ്ഞിരുന്ന, മേരിക്കുട്ടിയുടെ മുഖം വിറയാർന്ന കൈകളാൽ അവൻ പിടിച്ചുയർത്തി.

നീണ്ടുവിടർന്ന ആ മിഴികളിലെ നക്ഷത്രത്തിളക്കം! അതവനിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു നിർവൃതിയായി നിറഞ്ഞു. വിറയാർന്ന ചുണ്ടുകൾ അവളുടെ കവിളിണകളെ മുകരവെ അവൻ മൊഴിഞ്ഞു.

‘മേരിക്കുട്ടീ, എനിക്ക് നീ ഇല്ലാതെ പറ്റില്ല.’

അവന്റെ വിരിഞ്ഞ നെഞ്ചിൽ മുഖം ചേർത്ത് അവളും കാതരയായി കൂട്ടിച്ചേർത്തു.

‘എനിക്കും’

മേരിക്കുട്ടിയുടെ വാക്കുകൾ പത്രോസിൽ കുളിർമഴയായി പെയ്തിറങ്ങി. അവൻ തന്റെ പ്രണയിനിയെ തന്നിലേക്ക് അണച്ചു ചേർത്തു. പ്രണയമഴയിൽ നനഞ്ഞ് എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല.

ബോധോദയം കൈവന്ന നിമിഷം, പത്രോസ് വറീതിനെ വിളിച്ച് വണ്ടി വിടുവാൻ ആവശ്യപ്പെട്ടു.

കാറിൽ കയറിയ വറീത് റിവ്യൂ മിറർ തിരിച്ചുവെച്ച് ഒരു കള്ളച്ചിരിയോടെ വണ്ടി സ്റ്റാർട്ട് ചെയ്തു.

കല

_________________________________________

Related Posts