വെള്ളക്കുതിരപ്പുറത്ത് കുതിച്ചുപായുന്ന കിം ജോങ് ഉൻ; പുതിയ പ്രചാരണ വീഡിയോ പുറത്തിറക്കി ഉത്തര കൊറിയ
വെള്ളക്കുതിരപ്പുറത്തേറി വനത്തിനുള്ളിലൂടെ കുതിച്ചുപായുന്ന കരുത്തനായ നേതാവ്. പുതിയ പ്രൊപ്പഗാൻഡ വീഡിയോയിൽ നേതാവ് കിം ജോങ് ഉന്നിനെ ഉത്തര കൊറിയ അവതരിപ്പിക്കുന്നത് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന അസാമാന്യ ധീരതയുള്ള പടനായകനായി. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങൾക്കിടയിലും സമ്മർദങ്ങൾ വകവെയ്ക്കാതെ സമസ്ത മേഖലകളിലും രാജ്യത്തെ മുന്നോട്ട് നയിക്കുന്ന നേതൃരൂപത്തെയാണ് ഉത്തര കൊറിയ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നത്.
അടിക്കടിയുള്ള മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകത്തെ നിരന്തരം ഞെട്ടിക്കുകയാണ് ഉത്തര കൊറിയയും അമേരിക്കയുടെ കടുത്ത എതിരാളിയായി അറിയപ്പെടുന്ന അതിൻ്റെ മേധാവി കിം ജോങ് ഉന്നും. 2017-ന് ശേഷമുള്ള ഏറ്റവും ശക്തമായ മിസൈൽ പരീക്ഷണം ഉൾപ്പെടെ ഏഴ് ആയുധ പരീക്ഷണങ്ങൾ നടത്തിയാണ് പ്യോങ്‌യാങ് പുതുവർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയും അന്താരാഷ്ട്ര ഉപരോധങ്ങളും കാരണം വർഷങ്ങളായി ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളാണ് ഉത്തര കൊറിയ അഭിമുഖീകരിക്കുന്നത്. തകർന്നടിഞ്ഞ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാനുള്ള കിമ്മിന്റെ അശ്രാന്ത പരിശ്രമങ്ങളാണ് സർക്കാർ പുറത്തിറക്കിയ ഡോക്യുമെന്ററി എടുത്തുകാണിക്കുന്നത്.