നീതിപൂർവമാകണം നീതിപീഠം: മീഡിയ വൺ വിലക്കിനെതിരെ കെ കെ രമ
മീഡിയ വൺ ചാനലിൻ്റെ ലൈസൻസ് റദ്ദാക്കിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ നടപടി ശരിവെച്ച ഹൈക്കോടതി നടപടിയെ വിമർശിച്ച് ആർ എം പി നേതാവും വടകര എം എൽ എ യുമായ കെ കെ രമ. നീതിപീഠം നീതിപൂർവമാകണമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങളെ നീതിപീഠവും കണ്ണടച്ച് ശരിവെക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്ന് കെ കെ രമ പറഞ്ഞു. ജനങ്ങൾ എന്ത് അറിയണമെന്നത് തീരുമാനിക്കേണ്ടത് ഭരണകൂടങ്ങളല്ല.
രാജ്യത്തെ പൗരന്മാർക്കും മാധ്യമ സ്ഥാപനങ്ങൾക്കും അവസാനത്തെ അത്താണിയാകേണ്ട നീതിപീഠം ഭരണകൂടങ്ങളുടെ വാദഗതികൾ മാത്രം കേട്ട് വിധി കൽപിക്കുന്നത് നീതികേടാണ്. മാധ്യമ സ്വാതന്ത്ര്യത്തിനൊപ്പം, മീഡിയ വണ്ണിനൊപ്പം എന്നീ ഹാഷ് ടാഗുകളോടെയാണ് കെ കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.