ടി പി വധക്കേസ് നിയമസഭയിൽ ഉന്നയിച്ച് കെ കെ രമ

രാഷ്ട്രീയ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ച് ടി പി യുടെ ഭാര്യയും വടകര എം എൽ എ യുമായ കെ കെ രമ. സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യോത്തര വേളയിലാണ് ടി പി വധക്കേസ് പരാമർശ വിധേയമായത്.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊണ്ടതെന്ന കെ കെ രമയുടെ ആരോപണത്തിന്, ആരാണ് കേസന്വേഷണം നടത്തിയത് എന്ന കാര്യം അംഗത്തിന് അറിയാമല്ലോ എന്ന മറുപടിയാണ് മുഖ്യമന്ത്രി പറഞ്ഞത്. യു ഡി എഫ് സർക്കാരിൻ്റെ കാലത്താണ് കേസന്വേഷണം നടന്നത് എന്ന കാര്യമാണ് പിണറായി പരോക്ഷമായി സൂചിപ്പിച്ചത്. എന്നാൽ കേസന്വേഷണം നല്ല രീതിയിലാണ് നടന്നതെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അഭിനന്ദനാർഹമാണെന്ന് ചർച്ചയിൽ ഇടപെട്ട് സംസാരിച്ച അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായിരുന്ന തിരുവഞ്ചൂർ തിരിച്ചടിച്ചു.

വിദഗ്ധരുമായി കൂടിയാലോചിച്ചു കൊണ്ടു മാത്രമേ സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള നിയമം നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യത്തിൽ ആരും ആശങ്കപ്പെടേണ്ടതില്ല. പൗരാവകാശങ്ങൾ ലംഘിച്ചുകൊണ്ട് ഒരു നിയമവും നടപ്പിലാക്കില്ല.

Related Posts