നവാഗത സംവിധായകനുള്ള പ്രഥമ കിഷോര്‍കുമാര്‍ പുരസ്‌കാരം സാനു ജോണ്‍ വര്‍ഗീസിന് കെ എം കമല്‍ സമ്മാനിക്കും
തൃപ്രയാര്‍ ചലച്ചിത്രമേളക്ക് മാർച്ച് 31-ന് തിരിതെളിയും; സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്യും

തൃപ്രയാര്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ എട്ടാം പതിപ്പ് 2022 മാര്‍ച്ച് 31, ഏപ്രില്‍ 1, 2, 3 തീയതികളിലായി അരങ്ങേറും. മാര്‍ച്ച് 31-ന് വൈകീട്ട് 4 മണിക്ക് സംവിധായകന്‍ ജയരാജ് മേള ഉദ്ഘാടനം ചെയ്യും.

എഴുത്തുകാരന്‍ പി എന്‍ ഗോപീകൃഷ്ണന്‍ 8-ാമത് രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തും. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്യും. അസോസിയേറ്റ് ഡയറക്ടര്‍ ഐ ഡി രഞ്ജിത്ത് ആദ്യപ്രതി ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ദിനേശന്‍, ടി എല്‍ സന്തോഷ്, അനില്‍ പുളിക്കല്‍, മോചിത മോഹനന്‍ എന്നിവര്‍ സംസാരിക്കും. അങ്കമാലി ഡയറീസ് ഫെയിം ജോളി ചിറയത്ത് ആണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ നേടിയ ഇറാനിയന്‍ ചിത്രം 'ദേര്‍ ഈസ് നോ ഈവിള്‍' ആണ് ഉദ്ഘാടനചിത്രം.

മലയാളത്തിലെ മികച്ച നവാഗത സംവിധായകനുള്ള പ്രഥമ കിഷോര്‍കുമാര്‍ പുരസ്‌കാരം മേളയുടെ സമാപന ദിവസമായ ഏപ്രില്‍ 3-ന് സമ്മാനിക്കും. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിന്റെ സംവിധായകനായ സാനു ജോണ്‍ വര്‍ഗീസിനാണ് അവാര്‍ഡ്. 'പട' സംവിധായകന്‍ കെ എം കമല്‍ അവാര്‍ഡ് സമ്മാനിക്കും. സംവിധായകന്‍ സജിന്‍ ബാബു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, പി എന്‍ പ്രൊവിന്റ് എന്നിവര്‍ സംബന്ധിക്കും.
ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഹോമേജ് വിഭാഗങ്ങളിലായി 14 സിനിമകളാണ് 4 ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമാ വിഭാഗത്തില്‍ 'എനദര്‍ റൗണ്ട് ', 'എ ഹിഡന്‍ ലൈഫ്', 'ദി ഫാദര്‍', 'ബാറ്റില്‍ ഓഫ് അള്‍ജിയേഴ്‌സ് ', 'ഡിയര്‍ കോമ്രേഡ്‌സ് ', 'സംതിങ്ങ് ഇന്‍ ദി എയര്‍', എന്നീ ചിത്രങ്ങളും ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ നന്ദിതാ ദാസിന്റെ 'ഫിറാഖും' പ്രദര്‍ശിപ്പിക്കും. മലയാള സിനിമാ വിഭാഗത്തില്‍ 'തിങ്കളാഴ്ച നിശ്ചയം', 'റിക്ടര്‍ സ്‌കെയില്‍ 7.6', 'ആവാസവ്യൂഹം', 'ആരവം', 'കാടകലം' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് ഹ്രസ്വ ചിത്രങ്ങളും മേളയിലുണ്ട്. 'മണ്ണ്' ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ രാംദാസ് കടവല്ലൂരുമായുള്ള സംവാദവും നടക്കും. ഇത്തവണത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ആവാസവ്യൂഹം' മേളയിലുണ്ട്. സംവിധായകന്‍ കൃഷ്ന്ത് ആര്‍ കെ യുമായി സംവാദം നടക്കും.
സമാപന സമ്മേളനദിവസം പി എസ് ചന്ദ്രമതിയും സംഘവും നയിക്കുന്ന സംഗീത സായാഹ്നം അരങ്ങേറും. കിഷോര്‍ കുമാര്‍ പുരസ്‌കാരം ലഭിച്ച 'ആര്‍ക്കറിയാം' സിനിമയുടെ പ്രദര്‍ശനത്തോടെ മേളക്ക് തിരശ്ശീല വീഴും.
ടിഫിന്റെ മുഖ്യ സംഘാടകര്‍ ജനചിത്ര ഫിലിം സൊസൈറ്റിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാമു കാര്യാട്ട്, സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള ഫിലിം സൊസൈറ്റികളും ചായം സിനിമാ സോഷ്യല്‍ ഫോറം, നന്മ, സംസ്‌കാര സര്‍ഗവേദി, ഡയലോഗ് തുടങ്ങിയ സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുമായി സഹകരിച്ചാണ് ഇത്തവണയും മേള അരങ്ങേറുന്നത്. പതിവുപോലെ ശ്രീരാമ തിയേറ്ററാണ് മേളയുടെ വേദി. ഡെലിഗേറ്റ് പാസ് വഴിയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 200 രൂപയും വിദ്യാര്‍ഥികള്‍ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്.