കണ്ണൂരിലെ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി കെ എം ഷാജി
കണ്ണൂര്‍: ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ.എം ഷാജി. എൽ.ജി.ബി.ടി.ക്യു സമൂഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ മറ്റുള്ളവർ അവരുടെ മാനസിക വൈകല്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ലെന്നും ഷാജി ഫേസ്ബുക്കിൽ കുറിച്ചു. കണ്ണൂരിലെ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് ഷാജി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിന്‍റെ ഗൗരവം സർക്കാർ മനസിലാക്കാത്തത് സങ്കടകരമാണെന്നും ധാർമ്മികതയും കുടുംബവ്യവസ്ഥയും നിലനിന്നു കാണാനാണ് ആഗ്രഹിക്കുന്നതെന്നും കെ.എം ഷാജി ഫേസ്ബുക്കിൽ കുറിച്ചു. അരാജക അജണ്ടയ്ക്കെതിരെ ലീഗ് പോരാടുമെന്നും അവരെ ഭയപ്പെടുത്തി കീഴ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ടന്നും പോസ്റ്റിൽ പറയുന്നു.