പി കെ അബ്ദുല്‍ കരീം ഹാജി സ്മാരക പുരസ്‌കാരം എം സി വടകരക്കും അബ്ദുസമദ് പൂക്കോട്ടൂരിനും.

അബുദാബി: അബുദാബിയിലെ മത, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ നാലര പതിറ്റാണ്ടോളം നിറഞ്ഞുനിന്ന തിരുവത്ര പി കെ അബ്ദുല്‍ കരീം ഹാജിയുടെ സ്മരണാര്‍ത്ഥം അബുദാബി തൃശൂര്‍ ജില്ലാ കെ എം സി സി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് എഴുത്തുകാരനും ചിന്തകനുമായ എം സി വടകര, പ്രഭാഷകനും പണ്ഡിതനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ അര്‍ഹരായി.

മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റസാഖ് ഒരുമനയൂര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മുസ്ലിം ലീഗ് ചരിത്രവും ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും പാർട്ടി ക്ലാസുകളിലൂടെ തലമുറ ഭേദമില്ലാതെ പതിനായിരങ്ങൾക്ക് പകർന്നു നൽകുന്നതിൽ വിലമതിക്കാനാവാത്ത സംഭാവനയാണ് എം സി വടകര നിർവഹിച്ചതെന്ന് ജൂറി വിലയിരുത്തി. ഹരിത രാഷ്ട്രീയത്തിന്റെ പാതയിൽ അരനൂറ്റാണ്ടിലേറെക്കാലംസമർപ്പിത ജീവിതം നയിച്ച വ്യക്തിത്വം കൂടെയാണ് എം സി.

ധാർമിക മൂല്യത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ പാകപ്പെടുത്തുന്നതിലും മത, സാമൂഹിക, രാഷ്ട്രീയ മേഖലയിൽ സൂക്ഷ്മതയാർന്ന നിലപാടുകൾ സ്വീകരിക്കുന്നതിലും അബ്ദു സമദ് പൂക്കോട്ടൂർ പ്രശംസനീയമായ പങ്ക് നിർവഹിച്ചതായും ജൂറി വിലയിരുത്തി.

അവാര്‍ഡ് തുകയായ 50,000 രൂപയും ഫലകവും നവംബറിൽ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍  സമ്മാനിക്കുമെന്ന് അബുദാബി തൃശൂര്‍ ജില്ലാ കെ എം സി സി പ്രസിഡണ്ട് കോയ തിരുവത്ര, ജനറല്‍ സെക്രട്ടറി നാസര്‍ നാട്ടിക, ട്രഷറര്‍ ജലാല്‍ കടപ്പുറം, സീനിയർ വൈസ് പ്രസിഡണ്ട് ഷഫീഖ് മാരേക്കാട് എന്നിവര്‍ അറിയിച്ചു.

നന്മയുടെ പക്ഷത്ത് ചേർന്നുനിന്നു നടത്തിയ മാതൃകാപരമായ പ്രവർത്തനത്തനങ്ങളിലൂടെയാണ് എം സി വടകരയും അബ്ദുസമദ് പൂക്കോട്ടൂരും പ്രഥമ കരീംഹാജി സ്മാരക പുരസ്‌കാത്തിന് തിരഞ്ഞെടുക്കാൻ കാരണമെന്നും കെ എം സി സി നേതാക്കൾ പറഞ്ഞു.

Related Posts