കൊച്ചി മെട്രോ പാളത്തില്‍ ചരിവ്; ആശങ്കപ്പെടേണ്ടെന്നു കെ എം ആര്‍ എല്‍
കൊച്ചി: കൊച്ചി മെട്രോ പാളത്തില്‍ ചരിവ്. പത്തടിപ്പാലത്തിന് സമീപമാണ് തകരാര്‍ കണ്ടെത്തിയത്. ഈ ഭാഗത്ത് വേഗം കുറച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. മെട്രോ പാളം കെഎംആര്‍എല്‍ പരിശോധിക്കുകയാണ്. ചരിവ് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ടാഴ്ച്ച മുൻപ് നടത്തിയ ട്രാക്ക് പരിശോധനക്കിടെയാണ് പ്രശ്നം കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ വിവരമറിയിച്ചിട്ടുണ്ട്.
പത്തടിപ്പാലത്തിന് സമീപം 347-ാം നമ്പര്‍ തൂണിന് സമീപമാണ് നേരിയ ചരിവുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും പ്രദേശത്ത് സമഗ്ര പരിശോധന നടന്നുവരികയാണെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി. നിലവില്‍ ചരിവുള്ളതായി കണ്ടെത്തിയ പ്രദേശത്ത് 20 കിലോമീറ്റര്‍ വേഗതയിലാണ് മെട്രോ റെയില്‍ ഓടുന്നത്.