വിഷുകണി അറിഞ്ഞു തന്നെ ഒരുക്കാം

വിഷുവിനെ പറ്റി ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് കടന്നു വരുന്ന ഓർമ്മ വർണാഭമായ വിഷുക്കണി തന്നെ ആയിരിക്കും എന്നതിൽ സംശയമൊന്നുമില്ല! നാട്ടിൻ പുറങ്ങളിൽ വിഷുക്കണി ഒരുക്കി രാവിലെ ഓരോ വീടുകളിലുമെത്തി കണി കാണിക്കുന്ന കുട്ടി കൂട്ടങ്ങൾ ഉണ്ടായിരുന്ന കാലവും വിസ്മൃതിയിൽ ആവുന്ന കാലമാണെങ്കിലും വീടുകളിൽ വിഷുക്കണി ഗംഭീരമായിതന്നെ ഒരുക്കുന്നതിൽ ഒരു കുറവും വരുത്തുന്നില്ല എന്ന പ്രത്യേകതയും ഇന്നത്തെ കാലത്തെ പ്രധാന സവിശേഷതയാണ്.

കുടുംബത്തിലെ മുതിർന്ന സ്ത്രീകളാണ് സാധാരണയായി വിഷുക്കണി ഒരുക്കുന്നതിന് മുൻകൈ എടുക്കകയെങ്കിലും പുതിയ തലമുറയിലെ സ്ത്രീകളും കണിയൊരുക്കുന്നതിൽ അവർക്കൊപ്പം ചേരുന്നു . വിഷുവിന്റെ തലേ ദിവസം രാത്രി തന്നെ കാണിക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നു, പുലർച്ചെ പൂർണമായി ഒരുക്കിയ കണിക്ക് മുന്നിലെ വിളക്ക് 5 തിരിയിട്ട് തെളിച്ച് വെള്ളപ്പൂവ് ഇട്ട കിണ്ടിയിലെ ജലം കണ്ണിൽ തൊട്ട് പ്രാർത്ഥിച്ചാണ് കണി കാണേണ്ടത് തുടർന്ന് വീട്ടിലെ മറ്റുള്ളവരെ വിളിച്ചുണർത്തി കണി കാണിക്കുന്നു.

സാധാരണയായി വിവിധ ഫലങ്ങളും വസ്തുക്കളുമാണ് കണിക്കായി ഒരുക്കി വെക്കാറുള്ളത് .

1 . അരി, നെല്ല്

2 . മുണ്ട്

3 . സ്വർണം

4 . വാൽക്കണ്ണാടി

5 . കണിവെള്ളരി

6 . കണിക്കൊന്ന

7 . വെറ്റില, അടക്ക

8 . കൺമഷി, ചാന്ത്, സിന്ദൂരം

9 . നാരങ്ങ, മാമ്പഴം, ചക്ക, പഴം

10. നാളികേരം പകുത്തത്

11. ശ്രീകൃഷ്ണ വിഗ്രഹം

12 . നിലവിളക്ക്

13 . ഗ്രന്ഥം

എന്നിവ ഉപയോഗിച്ച് ഓട്ടുരുളിയിൽ ആണ് സാധാരണ ആയി കണി ഒരുക്കുക . ഇതിൽ വാൽക്കണ്ണാടി ഭഗവതി സങ്കല്പത്തിൽ ആണ് ഉരുളിയിൽ വെക്കുന്നത് . ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണു ആണെന്നുമാണ് സങ്കൽപം. കണിക്കൊന്ന കാലപുരുഷന്റെ കിരീടമായാണ് സങ്കല്പം അതിനാൽ തന്നെ കണികൊന്നക്ക് വളരെ പ്രാധാന്യം കല്പിക്കുന്നു. കണിവെള്ളരി മുഖമായും , വിളക്കുതിരി കണ്ണുകളായും , വാൽക്കണ്ണാടി മനസ്സായും, ഗ്രന്ഥം വാക്കുകളായും ഗണിക്കപ്പെടുന്നു. വിഷു കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലായും കരുതുന്നു. വിഷു കണി കണ്ടുണരുമ്പോൾ പുതിയ ഒരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമായി പരിവർത്തിക്കപ്പെടുന്നു എന്നാണ് വിശ്വാസം.

ഗവേഷണം, അപഗ്രഥനം

ആചാര്യ ജി. സി.

Related Posts