കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം; ചെലവ് 1957 കോടി
ന്യൂഡൽഹി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്രത്തിന്‍റെ അനുമതി. കലൂർ സ്റ്റേഡിയം-ഇൻഫോപാർക്ക് റൂട്ടിനാണ് അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഘട്ടത്തിന് തറക്കല്ലിട്ടത്. 11.17 കിലോമീറ്റർ ദൈർഘ്യമുള്ള ലൈനിൽ 11 സ്റ്റേഷനുകളുണ്ടാകും. മൊത്തം ചെലവ് 1,957.05 കോടി രൂപയാണ്. രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ വീതികൂട്ടൽ പുരോഗമിക്കുകയാണ്. ആലുവ മുതൽ പേട്ട വരെയുള്ള ആദ്യഘട്ടം 5,181.79 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. 25.6 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 22 സ്റ്റേഷനുകളുണ്ട്. പിന്നീട് പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള 1.80 കിലോമീറ്റർ ദൂരം 710.93 കോടി രൂപ ചെലവിൽ ഒന്നാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. രണ്ടാം ഘട്ട പദ്ധതിയിൽ എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.