കൊച്ചി മെട്രോ രണ്ടാംഘട്ട നിർമ്മാണം പ്രതിസന്ധിയിൽ; ഫ്രെഞ്ച് ബാങ്ക് പദ്ധതിയിൽ നിന്ന് പിന്മാറി
കൊച്ചി: കലൂർ മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം പ്രതിസന്ധിയിൽ. വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ഫ്രഞ്ച് ഡെവലപ്മെന്‍റ് ബാങ്ക് പദ്ധതിയിൽ നിന്ന് പിൻവാങ്ങി. പ്രതീക്ഷിച്ച തുകയ്ക്ക് പദ്ധതി പൂർത്തിയാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. നിർമ്മാണം നിർത്തില്ലെന്നും മറ്റൊരു ഏജൻസിയെ കണ്ടെത്തി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കെഎംആർഎൽ അറിയിച്ചു. മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഫ്രഞ്ച് ഡെവലപ്മെന്‍റ് ബാങ്കായ എഎഫ്ഡിയുടെ വായ്പയിലായിരുന്നു കെഎംആർഎല്ലിന്‍റെ എല്ലാ പ്രതീക്ഷകളും. എന്നാൽ, മെട്രോ ഒന്നാം ഘട്ട നിർമ്മാണ വേളയിൽ സമർപ്പിച്ച റിപ്പോർട്ട് ഊതിപ്പെരുപ്പിച്ചതാണെന്ന് എഎഫ്ഡി കണ്ടെത്തി. മെട്രോയുടെ ആദ്യ ഘട്ട നിർമ്മാണത്തിന് 5,181 കോടിയാണ് കണക്കാക്കിയിരുന്നത്. എന്നാൽ 7,100 കോടി ചെലവഴിച്ചാണ് ഇത് പൂർത്തിയാക്കിയത്. ആദ്യ ഘട്ട നിർമ്മാണം പൂർത്തിയായാൽ പ്രതിദിനം 4.5 ലക്ഷം പേർ മെട്രോ യാത്രക്കാരാകുമെന്നും കണക്കാക്കിയിരുന്നു. നിലവിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 70,000 ആണ്.