കൊടകര പോത്തുകുളത്തിന് ശാപമോക്ഷം.

കൊടകര

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൊടകര ഗ്രാമപഞ്ചായത്ത് കലാ നഗറില്‍ നവീകരണം പൂര്‍ത്തിയാക്കിയ കൊടകര പോത്തുകുളം നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 2020-21 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം വകയിരുത്തിയാണ് കുളത്തിന് ശാപമോക്ഷമേകിയത്. കാടു മൂടി മാലിന്യ കൂമ്പാരമായ പൊതു കുളമാണ് ഇപ്രകാരം സംരക്ഷിക്കപ്പെട്ടത്.

കൊടകരയുടെ പഴയകാല കാര്‍ഷിക ചരിത്രത്തില്‍ പോത്തുകുളത്തിന് ഏറെ സ്ഥാനമുണ്ട്. കര്‍ഷകര്‍ കൃഷി ആവശ്യങ്ങള്‍ക്കും മറ്റു ദൈനം ദിന പ്രവര്‍ത്തികള്‍ക്കും ഈ കുളത്തെ ആശ്രയിച്ചിരുന്നു. ഒരുകാലത്ത് പ്രദേശത്തുള്ളവരുടെ പ്രധാന ശുദ്ധജല സ്രോതസുമായിരുന്നിത്. കാലക്രമേണ പാടം എന്ന് തോന്നിക്കുന്ന രീതിയില്‍ പായലും ചെളിയും കൊണ്ട് ആവരണം ചെയ്ത് കുളം നശിച്ചു പോവുകയായിരുന്നു. നവീകരണത്തിലൂടെ പായലും ചളിയും മാലിന്യങ്ങളും നീക്കം ചെയ്ത് കുളത്തിന് ജീവശ്വാസമേകി. കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കുളത്തിന് പാര്‍ശ്വഭിത്തി, ഉറപ്പുള്ള ഹാന്‍ഡ് റെയ്ല്‍സ്, റാമ്പ് ആന്‍റ് റെയില്‍ എന്നിവയും പിടിപ്പിച്ച് അഴകേകിയിട്ടുണ്ട്.

കൊവിഡ് ഭീതിയിലും പൊതുകുളം നവീകരിച്ചതിന്‍റെ ആഹ്ലാദത്തിലാണ് സമീപവാസികളായ കുട്ടികള്‍. അവര്‍ക്ക് നീന്തിത്തുടിക്കാനും നീന്തല്‍ പഠിക്കാനും പ്രാദേശിക നീന്തല്‍ മത്സരങ്ങള്‍ നടത്താനും ഇനി സാധിക്കും. പ്രദേശവാസികളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കും കൃഷിക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിലാണ് കുളത്തെ മാറ്റി എടുത്തിരിക്കുന്നത്. നവീകരണോദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത് നിവഹിച്ചു. വൈസ് പ്രസിഡന്‍റ് ഷീല ജോര്‍ജ്, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അല്‍ജോ പുളിക്കന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പോള്‍സണ്‍ തെക്കുംപീടിക,

കൊടകര പഞ്ചായത്ത് അംഗം ടി കെ പത്മനാഭന്‍, ഡിവിഷന്‍ മെമ്പര്‍ മുകുന്ദന്‍ വികെ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആര്‍ അജയഘോഷ് തുടങ്ങിയവര്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ജിജിമോള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Related Posts