ജോയ്സനയെ ഷെജിനൊപ്പം വിട്ടു; പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി

കോടഞ്ചേരി മിശ്ര വിവാഹ വിഷയത്തിൽ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി . തന്നെ ആരും തടഞ്ഞു വെച്ചിട്ടില്ലന്നും ഷെജിനോടൊപ്പം പോകാൻ ആണ് ആഗ്രഹിക്കുന്നതെന്നും ജോയ്‌സന കോടതിയെ അറിയിച്ചു .സ്വന്തമായി തീരുമാനം എടുക്കാൻ പ്രാപ്ത ആയ യുവതിയെ അവരുടെ ഇഷ്ടപ്രകാരം ഭർത്താവിനൊപ്പം വിടുന്നതായി ഹൈക്കോടതി വ്യക്തമാക്കി .

ജോയ്സനയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹരജി പരിഗണിച്ച് കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും ഇന്ന് ഹൈക്കോടതിയിൽ ഹാജരായത്. അഭിഭാഷകക്കൊപ്പമാണ് ഇരുവരും ഹാജരായത്. ജോയ്സനയുടെ മാതാപിതാക്കളും കോടതിയിൽ എത്തിയിരുന്നു. കേസ് പരിഗണിച്ച കോടതി യുവതിയുടെ ആഗ്രഹത്തിന് അനുസൃതമായാണ് വിധിച്ചത്. ഈ വിഷയത്തിൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നും ഹൈക്കോടതി വ്യക്തമക്കി.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോർജ് എം തോമസ് ലൗ ജിഹാദ് ആരോപണം ഉന്നയിച്ചതോടെയാണ് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവായ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം വിവാദമായത്. തുടർന്ന് അദ്ദേഹം ആ പ്രസ്താവന തിരുത്തിയിരുന്നു. വിവാദങ്ങളെല്ലാം അവസാനിപ്പിക്കണമെന്നും സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നും ഷെജിനും ജോയ്‌സനയും അഭ്യർത്ഥിച്ചിരുന്നു.

Related Posts