പാട്ടും വരയും ആഘോഷമാക്കി കുട്ടികൾ: വിവേകാനന്ദ സ്മരണയിൽ കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ: സ്വാമി വിവേകാനന്ദന്‍റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനം ആഘോഷമാക്കി മാറ്റി കൊടുങ്ങല്ലൂർ. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു'' എന്ന വയലാറിന്റെ ഗാനം ആലപിച്ചു കൊണ്ട് സ്വാമി വിവേകാനന്ദന്റെ ചിത്രം വരച്ച് ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ പരിപാടികൾക്ക് തുടക്കമിട്ടു. ഒരു കൂട്ടം അധ്യാപകരും വിദ്യാർത്ഥികളും പാട്ടും വരയുമായി കൂടെ കൂടി.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂർ സന്ദർശനത്തിന്റെ ഓർമ്മ പുതുക്കലാണ് ഡിസംബർ 5 മുതൽ 7 വരെ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കുന്നത്. തൃശൂർ ജില്ലാപഞ്ചായത്തും, പൊതുവിദ്യാഭ്യാസ വകുപ്പും, മുസിരിസ് പൈതൃകപദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാട്ടും വരയും എന്ന ഉദ്‌ഘാടനദിന പരിപാടി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 48 വിദ്യാർത്ഥികളാണ് ചിത്രരചനയിൽ പങ്കെടുത്തത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും വിവേകാനന്ദചിന്തകളും എന്നതായിരുന്നു വിഷയം. കുട്ടികൾക്കൊപ്പം അധ്യാപകരും പ്രാദേശിക കലാകാരന്മാരും പാട്ടുകള്‍ പാടുകയും, വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
1892 ഡിസംബര്‍ 5ന് അദ്ദേഹം കൊടുങ്ങല്ലൂർ സന്ദർശിച്ചതിന്റെ ഭാഗമായി ജില്ലയിലെ കുട്ടികള്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് വിപുലമായൊരു സംഘാടക സമിതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം നടന്നുവരുന്നു.
കൊടുങ്ങല്ലൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുങ്ങല്ലൂര്‍ നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ കെ എസ് കൈസാബ്, ഷീല പണിക്കശ്ശേരി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ചേർപ്പ് എ.ഇ.ഒ. എം വി സുനിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം വി ദിനകരൻ, കൊടുങ്ങല്ലൂർ ബിപിസി സിംല വിജു, സംഘാടക സമിതി കൺവീനർമാരായ സി എ നസീർ, കെ ആർ വത്സലകുമാരി, വി മനോജ്, ടി ആർ മീര, ഉണ്ണി പിക്കാസോ എന്നിവർ പങ്കെടുത്തു.