വെളിയിട വിസര്‍ജ്ജന രഹിത നഗരമായി കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍ നഗരസഭയെ വെളിയിട വിസര്‍ജ്ജന രഹിത നഗരമായി ( ഒ.ഡി.എഫ് ) പ്രഖ്യാപിച്ചു. കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് തുടര്‍ച്ചയായി രണ്ടാം തവണയാണ് കൊടുങ്ങല്ലൂര്‍ അര്‍ഹത നേടുന്നത്. സ്വച്ഛ് ഭാരത് മിഷന്റെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് ്അംഗീകാരം.
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇതുവരെ സ്വച്ഛ് ഭാരത് മിഷന്‍, പ്ലാന്‍ ഫണ്ട് എന്നിവ വകയിരുത്തി ജനറല്‍ വിഭാഗത്തില്‍ 760 ഗുണഭോക്താക്കള്‍ക്കും പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പട്ടികജാതി വിഭാഗക്കാര്‍ക്കായി 136 ഗുണഭോക്താക്കള്‍ക്കും ഉള്‍പ്പെടെ 896 കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക കക്കൂസ് നിര്‍മ്മാണത്തിന് ധനസഹായം അനുവദിച്ചിട്ടുണ്ട്. 2021-22 വര്‍ഷം മാത്രം ജനറല്‍ വിഭാഗത്തില്‍ 88 ഗുണഭോക്താക്കള്‍ക്കും എസ് സി വിഭാഗത്തില്‍ 97 ഗുണഭോക്താക്കള്‍ക്കുമായി 185 പേര്‍ക്കും ധനസഹായം നല്‍കുകയുണ്ടായി.
നഗരസഭാ പരിധിയില്‍ 30 പൊതു ടോയ്‌ലറ്റ് സ്ഥാപിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്തിട്ടുളളതില്‍ 10 എണ്ണത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ശ്രീകുരുംബ ഭഗവതി ക്ഷേത്ര കോമ്പൗണ്ടില്‍ 20 സീറ്റോടു കൂടിയ ടോയ്‌ലറ്റ് കോംപ്ലക്‌സ് നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. എല്ലാ വീടുകള്‍ക്കും ശുചിമുറി എന്ന പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയര്‍പേഴ്‌സണ്‍ എം യു ഷിനിജ, വൈസ് ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍ എന്നിവര്‍ പറഞ്ഞു.