പ്ലെയർ ഓഫ് ദ ടൂർണമെന്റ് പുരസ്‌കാരം നേടാൻ കോഹ്ലി; അവസാന പട്ടികയിൽ സൂര്യകുമാർ യാദവും
സിഡ്‌നി: 2022 ട്വന്റി 20 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് അവാർഡിന്റെ ചുരുക്കപ്പട്ടികയിൽ ഇന്ത്യയുടെ വിരാട് കോഹ്ലിയും സൂര്യകുമാർ യാദവും ഇടം നേടി. വിരാട് കോഹ്ലി, സൂര്യകുമാർ എന്നിവർക്ക് പുറമെ 6 താരങ്ങളാണ് അവസാന റൗണ്ടിൽ മത്സരിക്കുന്നത്. പാകിസ്താന്റെ ശദബ് ഖാന്‍, ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ടിന്റെ സാം കറന്‍, ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ എന്നിവരാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. ഐസിസി വെബ്സൈറ്റ് വഴി ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാർക്ക് വേണ്ടി വോട്ട് ചെയ്യാം. നിലവിൽ ടൂർണമെന്‍റിലെ ടോപ് സ്കോററായ വിരാട് കോഹ്ലി ആറ് മത്സരങ്ങളിൽ നിന്ന് 98.66 ശരാശരിയിൽ 296 റൺസ് നേടിയിട്ടുണ്ട്. 4 അർധസെഞ്ച്വറികളും അദ്ദേഹം നേടി. പാക്കിസ്ഥാനെതിരെ പുറത്താകാതെ നേടിയ 82 റൺസാണ് അദ്ദേഹത്തിന്‍റെ ഉയർന്ന സ്കോർ. ഇത്തവണ കോഹ്ലിക്ക് പുരസ്കാരം ലഭിച്ചാൽ അത് അപൂർവ്വ നേട്ടമാകും. ടി20 ലോകകപ്പിൽ മൂന്ന് തവണ പ്ലെയർ ഓഫ് ദി ടൂർണമെന്‍റ് പുരസ്കാരം നേടുന്ന ആദ്യ താരമാകും കോഹ്ലി. 2014ലും 2016ലും ടി20 ലോകകപ്പിലെ താരമായിരുന്നു കോഹ്ലി.