പെറ്റി കേസ് തർക്കത്തിനിടെ ഇടപെട്ട വിദ്യാർത്ഥിനിയ്‌ക്കെതിരെ കേസ്; യുവജന കമ്മീഷന് പരാതി നൽകി.

ചടയമംഗലം: ബാങ്കിനു മുന്നിൽ ക്യൂ നിന്നയാൾക്ക് കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പെറ്റി എഴുതിയത് ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ കേസെടുത്തെന്ന് പരാതി.
പെറ്റി ലഭിച്ചയാളും പൊലീസും തമ്മിൽ തർക്കിക്കുന്നത് കണ്ട് എന്താണ് പ്രശ്നം എന്ന് അന്വേഷിച്ചപ്പോൾ പെൺകുട്ടിയ്‌ക്കെതിരെയും പെറ്റി എഴുതാൻ ശ്രമിച്ചെന്നും അതു പറ്റില്ലെന്നു പറഞ്ഞപ്പോൾ പൊലീസ് അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും യുവജന കമ്മീഷനു നൽകിയ പരാതിയിൽ പറയുന്നു.
ചടയമംഗലം ഇന്ത്യൻ ബാങ്ക് ശാഖയ്ക്ക് സമീപം തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതി പൊലീസുകാരോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.