കോട്ടയം പ്രദീപ് അന്തരിച്ചു

സവിശേഷമായ സംഭാഷണ ശൈലിയിലൂടെ പ്രേക്ഷകരിൽ ചിരി പടർത്തിയ പ്രശസ്ത നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് അന്ത്യം.

മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കോമഡി റോളുകളിലാണ് കോട്ടയം പ്രദീപ് തിളങ്ങിയത്. പ്രദീപിൻ്റെ സവിശേഷമായ ഡയലോഗ് ഡെലിവറി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നാടക രംഗത്തും സജീവമായ അദ്ദേഹം അമ്പതിലേറെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

2001-ൽ ഐ വി ശശി സംവിധാനം ചെയ്ത ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 4 ദി പീപ്പിൾ, രാജമാണിക്യം, 2 ഹരിഹർ നഗർ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ മുഖം കാണിച്ചെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ്റെ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ്. നായിക തൃഷയുടെ അമ്മാവൻ വേഷത്തിൽ അദ്ദേഹം തിളങ്ങി.

കല്യാണ രാമൻ, ഒരു വടക്കൻ സെൽഫി, തട്ടത്തിൻ മറയത്ത്, ആമേൻ, അഞ്ച് സുന്ദരികൾ, ഫിലിപ്സ് ആൻ്റ് ദി മങ്കി പെൻ, ആട് ഒരു ഭീകര ജീവിയാണ്, ലൈഫ് ഓഫ് ജോസുട്ടി, ജമ്നാ പ്യാരി, കുഞ്ഞിരാമായണം, വെൽക്കം ടു സെൻട്രൽ ജയിൽ, അമർ അക്ബർ ആൻ്റണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋതിക് റോഷൻ, കവി ഉദ്ദേശിച്ചത്, ആനന്ദം, ഒരേ മുഖം, ഗോദ, സൺഡേ ഹോളിഡേ, മോഹൻലാൽ, പടയോട്ടം, ഒരു അഡാർ ലവ്, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഏക് ദീവാനാ ദാ എന്ന ഹിന്ദി ചിത്രത്തിലും രാജാ റാണി, തെറി, കൊഞ്ചം കൊഞ്ചം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. വിണ്ണൈ താണ്ടി വരുവായായുടെ തെലുഗ് പതിപ്പായ യേ മായാ ചേസാവേയിലും വേഷമിട്ടു. 2016-ൽ വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഏഷ്യാനെറ്റ് അവാർഡ് നേടിയിരുന്നു.

Related Posts