കൊവിഡ് അവസരം നഷ്ടപ്പെടുത്തി; അൽക്കയ്ക്ക് പിന്തുണയുമായി പട്ടികവർഗ വകുപ്പ്
കൊവിഡ് പോസിറ്റിവ് ആയി എൻട്രൻസ് അവസരം നഷ്ടപ്പെട്ട പട്ടികവർഗ വിദ്യാർത്ഥി അൽക്കയ്ക്ക് പിന്തുണയുമായി പട്ടികവർഗ വികസന വകുപ്പ്. അടുത്ത തവണത്തെ പരീക്ഷയ്ക്കുള്ള സൗജന്യ പരിശീലനം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നേരിട്ട് വിളിച്ച് വാഗ്ദാനം ചെയ്തു. ജില്ലാ കലക്ടർ ഹരിത വി കുമാറും എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.
ദിവസങ്ങൾക്ക് മുൻപ് കൊവിഡ് പോസറ്റീവായ അൽക്ക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന ജോയൻ്റ് എൻട്രൻസ് എക്സാമിനേഷന് പങ്കെടുക്കാനെത്തിയതാണ്. കോടശ്ശേരി പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ദുര്യോദനൻ്റെയും ജിഷയുടെയും മകളാണ് അൽക്ക. പരീക്ഷ നടക്കുന്ന കൊടകര സൗഹൃദയ കോളേജ് ഓഫ് എൻജിനീയറിംഗിൽ അൽക്കയ്ക്ക് പരീക്ഷയെഴുതാനുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നെങ്കിലും കൊവിഡ് പോസറ്റീവായ വിദ്യാർത്ഥിയെ നിയമമനുസരിച്ച് പരീക്ഷ എഴുതിക്കാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു.വിദ്യാർത്ഥിനിയുടെ പിതാവ് ചാലക്കുടി മുൻ എം എൽ എ ബി ഡി ദേവസ്സിയെ വിവരമറിയിച്ചതിനെ തുടർന്ന് കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ, വാർഡ് മെമ്പർ ടി.കെ. പത്മനാഭൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ വിഷയത്തിൽ ഇടപെട്ടു.പരീക്ഷ എഴുതാൻ സാധിക്കാത്തതിനാൽ വിഷമമുണ്ടായെങ്കിലും സൗജന്യ പരിശീലനം പരമാവധി ഉപയോഗപ്പെടുത്തി അടുത്ത തവണ മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്ന പ്രതീക്ഷയിലാണ് അൽക്ക.