പ്രകൃതി ദുരന്ത സാധ്യത പ്രവചിക്കാൻ കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു
കോഴിക്കോട്: പ്രകൃതിദുരന്തങ്ങളുടെ സാധ്യത പ്രവചിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു. കുന്ദമംഗലം സി ഡബ്ല്യു ആർ ഡി എമ്മിലാണ് സംസ്ഥാനത്തെ ദുരന്തസാധ്യത പ്രവചിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സി ഡബ്ല്യു ആർ ഡി എമ്മിന്‍റെ കുന്ദമംഗലം കാമ്പസിലാണ് രണ്ട് കോടി രൂപ ചെലവിൽ സെന്‍റർ സ്ഥാപിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. ദുരന്ത നിവാരണത്തിന് പ്രാദേശിക തലത്തിലുള്ള പരിശീലനം നൽകുകയും വിവിധ ഗവേഷണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയുമാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഐ ഐ ടി പാലക്കാട്, കുസാറ്റ്, എന്‍ ഐ ടി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവിടെ പഠനവും ഗവേഷണവും നടക്കുക. സി ഡബ്ല്യു ആർ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും.