അധിക നികുതി നൽകരുതെന്ന പ്രഖ്യാപനം പിൻവലിച്ച് കെപിസിസി അധ്യക്ഷൻ
തിരുവനന്തപുരം: അധികനികുതി നൽകില്ലെന്ന പ്രഖ്യാപനം പിൻവലിച്ച് കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും കെ പി സി സി അധ്യക്ഷൻ പറഞ്ഞു. നികുതി അടയ്ക്കരുതെന്ന പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ചർച്ചകൾ നടത്തണം. പ്രതിഷേധ ആഹ്വാനം അല്ല നടത്തിയത്. പ്രതിപക്ഷ നേതാവുമായി ആശയവിനിമയം നടത്തിയിട്ടില്ലായിരുന്നു. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്കരണത്തിൽ തീരുമാനമെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിലെ നികുതി വർദ്ധനവിനെതിരെ, നികുതി നൽകരുതെന്ന പ്രഖ്യാപനവുമായി സുധാകരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും പിണറായി വിജയൻ മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുധാകരൻ ഇന്ന് പ്രഖ്യാപനം പിൻവലിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അധിക നികുതി പാർട്ടി പ്രവർത്തകർ അടയക്കില്ലെന്ന് പിണറായി പറഞ്ഞിരുന്നു. അധിക നികുതി നൽകരുതെന്നുമാണ് കോൺഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടപടിയുണ്ടായാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു. പിടിവാശിയോടെയാണ് സർക്കാർ നികുതി വർദ്ധനവ് നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്നിൽ ഒരു സംസ്ഥാനത്തെ മുഴുവൻ പരിഗണിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.