സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന തീരുമാനത്തിൽ കെപിസിസി

കൊച്ചി: സർക്കാരിനെതിരെ നികുതി ബഹിഷ്കരണ സമരം വേണ്ടെന്ന് കെ.പി.സി.സി തീരുമാനം. പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം നില നിൽക്കുന്നു എന്ന രീതിയിൽ ഇനി ചർച്ച വേണ്ടെന്നും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കെ.പി.സി.സിയുടെ ഭവന സമ്പർക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പദ്ധതി സർക്കാർ വിരുദ്ധ പ്രചാരണമാക്കി മാറ്റാനും യോഗം തീരുമാനിച്ചു. അടുത്ത 15ന് ചേരുന്ന യോഗത്തിൽ വിശദമായ ചർച്ച നടത്താനും കൊച്ചിയിൽ ചേർന്ന കെ.പി.സി.സി നിർവാഹക സമിതി തീരുമാനിച്ചിട്ടുണ്ട്. ബജറ്റിനോടുള്ള പ്രതികരണങ്ങളിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്‍റും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് അണികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനത്തെ തുടർന്നാണ് യോഗത്തിൽ തീരുമാനമായത്.  ചർച്ചയില്ലാതെ നികുതി ബഹിഷ്കരണ സമരം പ്രഖ്യാപിച്ചതിൽ പ്രതിപക്ഷ നേതാവ് പരാതി ഉന്നയിച്ചതോടെ ഇന്നലെ കെ.പി.സി.സി പ്രസിഡന്‍റ് പ്രഖ്യാപനം തിരുത്തിയിരുന്നു. നികുതി നൽകില്ലെന്ന പിണറായി വിജയന്‍റെ മുൻ പ്രസ്താവനയെ പരിഹസിച്ചതാണെന്നും പ്രഖ്യാപനം നടത്തിയിട്ടില്ലെന്നുമായിരുന്നു കെ സുധാകരന്‍റെ വിശദീകരണം.

Related Posts