കെ പി സി സി പ്രസിഡണ്ടായി കെ സുധാകരന്‍ ചുമതലയേറ്റെടുത്തു.

തിരുവനന്തപുരം:

കെ പി സി സി പ്രസിഡണ്ടായി കെ സുധാകരന്‍ ചുമതലയേറ്റെടുത്തു. മുതി‍ർന്ന നേതാക്കളുടേയും എ ഐ സി സി പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ സുധാകരൻ ചുമതലയേറ്റെടുത്തത്. സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷിയാവാൻ നിരവധി കോൺ​ഗ്രസ് പ്രവർത്തകരാണ് കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തിയത്.

ഇന്ന് രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചനയും നടത്തി. ശേഷം ശാസ്തമം​ഗലത്തെ കെപിസിസി ആസ്ഥാനത്ത് എത്തിയ സുധാകരന് സേവാദൾ വോളണ്ടിയർമാർ ഗാർഡ് ഓഫ് ഓണര്‍ നൽകി. കെ പി സി സി ഓഫീസിലെത്തിയ സുധാകരനെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സ്ഥാനമൊഴിയുന്ന കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ചേ‍ർന്ന് സ്വീകരിച്ചു.

കെ സി ജോസഫ്, എം എം ഹസ്സൻ, കെ ബാബു, കെ പി അനിൽ കുമാർ, റിജിൽ മാക്കുറ്റി, വി എസ് ശിവകുമാർ, എന്നിവ‍ർ കെ പി സി സി ആസ്ഥാനത്തെത്തിയിരുന്നു. എ ഐ സി സി പ്രതിനിധികളായ അൻവ‍ർ താരീഖ് അടക്കമുള്ള നേതാക്കളും സ്ഥാനമേറ്റെടുക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. സുധാകരനൊപ്പം കെപിസിസി വ‍ർക്കിം​ഗ് പ്രസിഡണ്ടുമാരായി ടി സിദ്ധീഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരും ചുമതലയേറ്റു.

സ്ഥാനമേറ്റെടുത്ത പുതിയ കെപിസിസി അധ്യക്ഷനും സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനും വിടവാങ്ങൽ പ്രസംഗം നടത്തി.

Related Posts