ദേശിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ ടീമിനെ നയിക്കാൻ തൃപ്രയാർ സ്വദേശി കെ ആർ റിജാസ്; ടി എസ് ജി എയ്ക്കും പി സി രവിയ്ക്കും അഭിമാന നിമിഷം
തൃപ്രയാർ: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 70-ാമത് ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ ടീമിനെ നയിക്കാൻ തൃപ്രയാർ സ്വദേശി കെ ആർ റിജാസ്. മുൻ ക്യാപ്ററനും ഇന്ത്യൻ താരവുമായ കെ ജി രാഗേഷും ടീമിലുണ്ട്. ഇരുവരും തൃപ്രയാർ ടി എസ് ജി എയുടെ സമ്മർ ക്യാമ്പിലൂടെ ഉയർന്നുവന്നവരാണ്. വോളിബോൾ കോച്ച് പി സി രവിയാണ് ഇരുവർക്കും വോളിബോളിന്റെ ബാലപാഠങ്ങൾ പകർന്നു നല്കിയത്.
9-ാം ക്ലാസ്സ് വിദ്യാർത്ഥിയായിരിക്കെ റിജാസിനെ കണ്ടെത്തി വോളിബോൾ ക്യാമ്പിലേക്ക് എത്തിച്ചത് മുൻ പോലിസ് താരം മജിദ് ആണ്. ഇപ്പോൾ കൊച്ചിൽ കസ്റ്റംസിയ്ക്ക് വേണ്ടി കളിക്കുന്ന റിജാസ് പെരിങ്ങോട്ടുകര വടക്കും മുറി കളത്തിപറമ്പിൽ റസാക്കിന്റേയും സക്കിനയുടേയും മകനാണ്.
10 തവണ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള രാഗേഷ് നാഷ്ണൽ ഗെയിംസിലും ഫെഡറേഷൻ കപ്പിലും കേരളത്തിനു വേണ്ടി ജേഴ്സി അണിഞ്ഞു. 2011 ലും 2017ലും ദേശീയ വോളിബോൾ ചാമ്പ്യന്മാരായ കേരള ടിമിലെ അംഗമായിരുന്നു. ഇപ്പോഴത്തെ കേരള ടീമിലെ സീനിയർ താരമാണ് രാഗേഷ്. പരിചയസമ്പത്തും, യുവത്വവും ചേർന്ന കേരള ടീം വിജയ പ്രതീക്ഷയിലാണ്. തൃപ്രയാർ കുരുഡിയാറ ഗംഗാധരന്റേയും ഷീബയുടേയും മകനാണ് കെ എസ്സ് ഇ ബി താരമായ കെ ജി രാഗേഷ്.