കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞർ: എസ്. ജയശങ്കർ
ന്യൂഡല്‍ഹി: നയതന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അദ്ദേഹമെഴുതിയ 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെൻ വേൾഡ്' എന്ന പുസ്തകത്തിന്‍റെ മറാത്തി പരിഭാഷയായ ഭാരത് മാർഗിന്‍റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ. ഇതിനിടെയാണ് അദ്ദേഹം മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യം വിശദീകരിച്ചത്. കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്നും ഹനുമാൻ നയതന്ത്രത്തിനപ്പുറവും പോയ ആളാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏൽപ്പിച്ച ദൗത്യത്തിനപ്പുറത്തേക്ക് പോയി ഹനുമാൻ ലങ്ക കത്തിച്ചു. തന്ത്രപരമായ ക്ഷമയുടെ ഏറ്റവും വലിയ മാതൃകയാണ് കൃഷ്ണൻ. ശിശുപാലന്‍റെ 100 തെറ്റുകൾ ക്ഷമിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാൽ 100 തികഞ്ഞാൽ ശിശുപാലനെ വധിക്കും. നല്ല തീരുമാനങ്ങൾ എടുക്കുന്നവർക്കുള്ള ധാർമ്മിക ഗുണമാണിതെന്നും ജയശങ്കർ പറഞ്ഞു. കുരുക്ഷേത്ര ഭൂമിയെ ഇന്ത്യയിലെ അധികാര വികേന്ദ്രീകരണവുമായി താരതമ്യം ചെയ്ത ജയ്ശങ്കർ, തന്ത്രപരമായ സ്വയംഭരണം എന്നത് ഒരു സംസ്ഥാനത്തിന് മറ്റ് സംസ്ഥാനങ്ങളെ തടയാതെ ദേശീയ താൽപ്പര്യവും വിദേശ നയവും പിന്തുടരാൻ കഴിയുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.