ആലപ്പുഴ ജില്ലാ കലക്ടറായി കൃഷ്ണ തേജ ചുമതലയേറ്റു
ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടർ ആയി വി ആർ കൃഷ്ണ തേജ ചുമതലയേറ്റു. എഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്. കളക്ടറായി നിയമിതനായ ശ്രീറാം വെങ്കിട്ടരാമനെതിരെ വലിയ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് കൃഷ്ണ തേജയെ നിയമിച്ചത്. ഇന്നലെ തന്നെ ശ്രീറാം കളക്ടർ സ്ഥാനം രാജിവച്ചിരുന്നു. ചട്ടപ്രകാരം ജില്ലാ ഭരണാധികാരിയാണ് ചുമതല കൈമാറേണ്ടത്. കളക്ടറോ എഡിഎമ്മിനോ ആണ് ഇതിന്‍റെ ചുമതല. സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ കൊച്ചി ആസ്ഥാനത്തെ ജനറൽ മാനേജരായാണ് ശ്രീറാമിനെ നിയമിച്ചിരിക്കുന്നത്. കൃഷ്ണ തേജ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്നു. മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. ശ്രീറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്നും സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ശ്രീറാമിനെ സർക്കാർ മാറ്റിയത്.