ഓർമിക്കാൻ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച ഒരാളെ മറക്കാനാവുമോ; എസ് പി ബി ക്ക് പ്രണാമമർപ്പിച്ച് കെ എസ് ചിത്ര
ഓർമയിൽ സൂക്ഷിച്ചുവെയ്ക്കാൻ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച ഒരാളെ മറക്കാനാവില്ലെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്ര. രാജ്യം കണ്ട എക്കാലത്തേയും മികച്ച ഗായകരിൽ ഒരാളായ എസ് പി ബാലസുബ്രഹ്മണ്യത്തിന് അദ്ദേഹത്തിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയാ സന്ദേശത്തിലാണ് ഹൃദയത്തിൽ തൊടുന്ന വരികൾ ഗായിക കുറിച്ചിട്ടത്.
സോഷ്യൽ മീഡിയ മുഴുവൻ അനശ്വരനായ സംഗീത പ്രതിഭയെ ആദരപൂർവം അനുസ്മരിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ കൊണ്ട് നിറയുകയാണ്. സിനിമാ പ്രവർത്തകരും താരങ്ങളും ഗായകരും സംഗീത സംവിധായകരുമെല്ലാം ഒന്നാം ചരമ വാർഷിക ദിനത്തിൽ എസ് പി ബി ക്ക് പ്രണാമങ്ങൾ അർപ്പിച്ചിട്ടുണ്ട്.
യുണൈറ്റഡ് സിങ്ങേഴ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എസ് പി ബി ഫോർ എവർ എന്ന പേരിൽ സംഗീത പരിപാടിയും അരങ്ങേറുന്നുണ്ട്. ഇന്ന് വൈകീട്ട് 6 മണിക്ക് യു എസ് സി ടി യുടെ ഒഫീഷ്യൽ യു ട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. കെ എസ് ചിത്ര, സുജാത മോഹൻ, ശ്രീനിവാസ്, മനോ, ഹരിചരൺ, ശ്വേത മോഹൻ, വിജയ് യേശുദാസ് ഉൾപ്പെടെ അറുപതോളം ഗായകർ പരിപാടിയിൽ പങ്കെടുക്കും.