കേരള സംഗീത നാടക അക്കാദമിയുടെ അരങ്ങില്‍ ഇന്ന് ഭോലാറാമും മക്കളുടെ ശ്രദ്ധയ്ക്കും

തൃശ്ശൂർ : കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രൊഫഷനല്‍ നാടകമത്സരത്തിന്‍റെ നാലാംദിനമായ ഇന്ന്(ഒക്ടോബര്‍ 28) രാവിലെ പത്തിന് കണ്ണൂര്‍ സംഘചേതനയുടെ ഭോലാറാമും വൈകീട്ട് അഞ്ചിന് സംഘകേളി പിരപ്പന്‍കോടിന്‍റെ മക്കളുടെ ശ്രദ്ധയ്ക്കും അരങ്ങില്‍ എത്തും . ഒക്ടോബര്‍ 25 നാണ് പ്രൊഫഷനല്‍ നാടകമത്സരത്തിന് അക്കാദമിയുടെ കെ.ടി മുഹമ്മദ് സ്മാരക തിയറ്ററില്‍ തുടക്കം കുറിച്ചത്. ഇപ്പോഴും നിരവധി ആസ്വാദകരാണ് പാസിനു വേണ്ടി അക്കാദമിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ഇത് നാടകത്തോടുള്ള ജനങ്ങളുടെ ആഭിമുഖ്യമാണ് വെളിവാക്കുന്നതെന്നും അക്കാദമി സെക്രട്ടറി ഡോ പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.നാടക മത്സരം ഈ മാസം 29 ന് വൈകീട്ട് സമാപിക്കും. നാടകമത്സരത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിലൂടെ  അക്കാദമിയുടെ പുസ്തകങ്ങളും പ്രസിദ്ധീകരണവും  30 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനും അക്കാദമി അവസരമൊരുക്കിയിരിക്കുന്നു.അക്കാദമിയുടെ മുഖമാസികയായ കേളിയുടെ പഴയലക്കങ്ങള്‍ 50 ശതമാനം വിലക്കുറവിലും അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ 30  ശതമാനം വിലക്കുറവിലുമാണ് വായനക്കാര്‍ക്ക് നല്‍കുന്നത് . ഒരേ പുസ്തകത്തിന്‍റെ 100 കോപ്പി വാങ്ങുന്നവര്‍ക്ക് 50 ശതമാനം വിലക്കുറവിലും പുസ്തകങ്ങള്‍ ലഭിക്കും.നാടകങ്ങള്‍,നാടകപഠനഗ്രന്ഥങ്ങള്‍, അനുഭവക്കുറിപ്പ്, സംഗീത-നൃത്ത സംബന്ധിയായ ഗ്രന്ഥങ്ങള്‍,ഫോക്‌ലോര്‍ ഗ്രന്ഥങ്ങള്‍ തുടങ്ങി കലയുടെ വ്യത്യസ്ത സരണിയില്‍പ്പെട്ട ഗ്രന്ഥങ്ങളാണ് വില്പനയ്ക്കുള്ളത്. കലാപഠന വിദ്യര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും കലാസ്വാദകര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് അക്കാദമിയുടെ മുഖമാസികയായ കേളിയും പുസ്തകങ്ങളും.നാടകമത്സരത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിലൂടെ കേളിയുടെ വരിസംഖ്യ പുതുക്കുവാനും കേളി വരിക്കാരാവാനും അവസരം ഉണ്ടായിരിക്കും.

Related Posts