വൈദ്യുതി മേഖലയില്‍ ഇതാദ്യമായി സ്വകര്യവത്കരണത്തിന് വാതില്‍ തുറന്ന് കെസ്ഇബി, എതിർപ്പുമായി യൂണിയനുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉത്പാദന മേഖലയിലേക്ക് സ്വകാര്യ സംരഭകരെ ക്ഷണിച്ച് കെഎസ്ഇബി. പാരന്പര്യേതര ഊര്‍ജ്ജ മേഖലയില്‍ 2400 കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പദ്ധതിക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ വരും ദിവസങ്ങളില്‍ പരസ്യ പ്രതിഷേധം സംഘടിപ്പിക്കും എന്നാണ് സൂചന.

സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ ഇതാദ്യമായി സ്വകര്യവത്കരണത്തിന് വാതില്‍ തുറന്ന് കെസ്ഇബി രംഗത്ത്. പദ്ധതികൾ സംരഭകരെ പരിചയപ്പെടുത്താനുള്ള നിക്ഷേപ സംഗമം തിരുവനന്തപുരത്ത് നടന്നു. നിര്‍മാണം പൂര്‍ത്തിയാക്കി 25 വർഷം സ്വന്തമായി നടത്തി മുടക്കു മുതല്‍ തിരിച്ച് പിടിച്ച ശേഷം കൈമാറുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

10 അണക്കെട്ടുകളില്‍ ഫ്ളോട്ടിംഗ് സോളാര്‍ പ്ളാന്‍റുകള്‍ സ്ഥാപിച്ച് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 700 കോടിയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ കാറ്റില്‍ നിന്ന് 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് 700 കോടിയുടെ പദ്ധതി,100 മെഗാവാട്ടിന്‍റെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിനായി 1000 കോടിയുടെ പദ്ധതി എന്നിവയാണ് സ്വകാര്യ മേഖലക്ക് കൈമാറുന്നത്.

ഇന്ത്യയില്‍ ഹരിതോര്‍ജ മേഖലയിൽ പ്രവര്‍ത്തിക്കുന്ന 33 സംരഭകരാണ് കെഎസ്ഇബിയുടെ നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തത്. ഇവരില്‍ നിന്നു ലഭിക്കുന്ന പ്രോജക്ടുകള്‍ പരിശോധിച്ച ശേഷം ടെണ്ടര്‍ നടപടികളിലേക്ക് നീങ്ങും. അതേ സമയം അണക്കെട്ടുകളില്‍ സൗരോര്‍ജ പ്ലാൻ്റുകൾ സ്ഥാപിക്കാന്‍ സ്വകാര്യ സംരഭകരെ നിയോഗിക്കുന്നത് സുരക്ഷ വീഴ്ചക്ക് വഴിയൊരുക്കുമെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഇതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി സ്വകാര്യവത്കരണത്തിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പരസ്യ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

Related Posts