സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. ഉപയോഗം കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 10 വരെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. പകൽ സമയ നിരക്ക് കുറയ്ക്കാനും പദ്ധതിയുണ്ട്. നിരക്കിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഉപയോക്താക്കൾ സ്വയം നിയന്ത്രിച്ചാൽ നിരക്ക് വർദ്ധനവ് ബാധകമാവില്ലെന്നും മന്ത്രി പറഞ്ഞു. ഗാർഹിക, വാണിജ്യ ഉപയോക്താക്കളുടെ വൈദ്യുതി ബിൽ വർദ്ധിക്കാൻ കെ.എസ്.ഇ.ബിയുടെ ഈ തീരുമാനം ഇടയാക്കും. വൻകിട ഉപഭോക്താക്കൾ പുറത്തുനിന്ന് നേരിട്ട് വൈദ്യുതി എത്തിക്കുകയും അതുവഴി കെ.എസ്.ഇ.ബിയുടെ പ്രവർത്തനം താറുമാറാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് നിർദ്ദേശം. ഇത് നടപ്പിലായാൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സാധാരണ നിരക്കും വൈകുന്നേരം 6 മുതൽ 10 വരെയുള്ള പീക് അവേഴ്സിൽ ഉയർന്ന നിരക്കും രാത്രി 10 മുതൽ 6 വരെയുള്ള ഓഫ് പീക്ക് അവേഴ്സിൽ നിലവിലുള്ളതിനേക്കാൾ കുറഞ്ഞ നിരക്കും ഈടാക്കും. എല്ലാ ഉപയോക്താക്കൾക്കും സ്മാർട്ട് മീറ്റർ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മാത്രമേ പുതിയ ബില്ലിംഗ് രീതി നടപ്പാക്കാൻ കഴിയൂ. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നതിനായി ബോർഡ് കഴിഞ്ഞ വർഷം റെഗുലേറ്ററി കമ്മീഷനെ സമീപിച്ചപ്പോൾ ഈ നിർദ്ദേശം ഉന്നയിച്ചിരുന്നുവെങ്കിലും എതിർപ്പുകൾ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ, 20 കിലോവാട്ടിൽ കൂടുതൽ ഉപയോഗമുള്ള വ്യവസായങ്ങൾക്കും പ്രതിമാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വ്യവസായങ്ങൾക്കും ഇത് ബാധകമാണ്. വ്യവസായങ്ങൾക്ക് വൈകുന്നേരം 6 മുതൽ 10 വരെ 50 ശതമാനം അധിക നിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ 25 ശതമാനം കുറഞ്ഞ നിരക്കുമാണ്.