ചെറിയ വരുമാനക്കാർക്കും ആശ്വാസമാകുന്ന പദ്ധതികളുമായി കെഎസ്‌എഫ്‌ഇ ഗ്രാമീണ മേഖലയിലേയ്ക്ക്

കൊല്ലം: ഗ്രാമീണ മേഖലയിൽ മൈക്രോ ബ്രാഞ്ചുകൾ ആരംഭിച്ച്‌ കെഎസ്‌എഫ്‌ഇയെ കൂടുതൽ ശക്തമാക്കുമെന്നും‌ അഞ്ചുവർഷം കൊണ്ട്‌ 1000 ബ്രാഞ്ചുകളാക്കി ഒരു ലക്ഷം കോടിയുടെ വാർഷിക വിറ്റുവരവിലേക്ക്‌ കെഎസ്‌എഫ്‌ഇയെ ഉയർത്തുമെന്നും നിലവിൽ 57,067 കോടി രൂപയാണ്‌ വിറ്റുവരവന്നും കൊല്ലം പ്രസ്‌ക്ലബ്ബിന്റെ മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ ചെയർമാൻ കെ വരദരാജൻ പറഞ്ഞു.

ഒരു മാനേജരും രണ്ടോ മൂന്നോ ജീവനക്കാരുമായാണ്‌ മൈക്രോ ബ്രാഞ്ചുകൾ തുടങ്ങുക. നിലവിൽ 638 ബ്രാഞ്ചുണ്ട്‌. തദ്ദേശസ്ഥാപന മേധാവികൾ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ സാധ്യതാ പഠനം നടത്തി ഇതു പരിഗണിക്കും. ചെറുകിട വ്യവസായികൾ, വഴിയോരക്കച്ചവടക്കാർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, അസംഘടിത തൊഴിലാളികൾ എന്നിവർക്ക്‌ അനുയോജ്യമായ പദ്ധതിയാണ്‌ ലക്ഷ്യമിടുന്നത്‌. വീടുകളിൽ സ്‌മാർട്ട്‌ കിച്ചൺ ഒരുക്കാൻ പ്രത്യേക വായ്‌പാ പദ്ധതിയും തുടങ്ങുകയും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്ക്‌ ഭവനവായ്‌പാ പദ്ധതിയും കൊണ്ടുവരുകയും അഞ്ചര മുതൽ ഏഴുശതമാനംവരെ പലിശയുള്ള സ്വർണപ്പണയ വായ്‌പ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു.

Related Posts