ക്ഷീരകർഷകർക്ക് താങ്ങായി ക്ഷീരകർഷക ക്ഷേമനിധി ബോർഡ്
ക്ഷീര കർഷകർക്ക് സഹായമായി ക്ഷീര കർഷക ക്ഷേമനിധി ബോർഡ്. കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ക്ഷീര കർഷക ക്ഷേമനിധി ബോർഡിന് രൂപം നൽകിയിരിക്കുന്നത്. പെൻഷൻ, കുടുംബ പെൻഷൻ തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങളിലൂടെ കർഷകർക്ക് താങ്ങായി മാറുന്നതിന് ക്ഷീര കർഷക ക്ഷേമനിധി ബോർഡിന് സാധിച്ചിട്ടുണ്ട്. പുഴയ്ക്കൽ ബ്ലോക്ക് ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര വികസന യുണിറ്റിന്റെയും നേതൃത്വത്തിൽ സമ്പൂർണ അംഗത്വ ക്യമ്പയിൻ ബ്ലോക്ക് തല ഉദ്ഘാടനവും കർഷക സമ്പർക്ക പരിപാടിയും നടത്തി. പുഴയ്ക്കൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി വി ബിജുവിൻ്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ജ്യോതി ജോസഫ് ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു. പുഴയ്ക്കൽ ക്ഷീര വികസന ഓഫിസർ മഞ്ജുഷ ടി വി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
*ക്ഷേമനിധിയുടെ പ്രധാന വരുമാന സ്രോതസ്
പ്രാഥമിക ക്ഷീര സംഘങ്ങളിൽ പാൽ അളക്കുന്ന ഓരോ ക്ഷീര കർഷകനും പ്രതിമാസം 20 രൂപയാണ് നൽകേണ്ടത്. കൂടാതെ ഓരോ സംഘവും സംഭരിച്ച് പ്രാദേശിക വിപണനം നടത്തുന്ന ഓരോ ലിറ്റർ പാലിനും വിപണന വിലയുടെ 0.5%,സംഘം മിൽമയ്ക്കോ മേഖല യൂണിയനോ നൽകുന്ന ഓരോ ലിറ്റർ പാലിനും വിപണന വിലയുടെ 0.3%,മിൽമയോ മേഖല യൂണിയനോ വില്പന നടത്തുന്ന ഓരോ ലിറ്റർ പാലിനും വിപണന വിലയുടെ 0.75% എന്നിവയിൽ നിന്നടക്കം ലഭിക്കുന്ന അംശാദായമാണ് ബോർഡിൻ്റെ വരുമാന മാർഗം.
*ക്ഷേമനിധി അംഗത്വം
ക്ഷേമനിധിയുടെ എല്ലാ ധനസഹായങ്ങളുടെയും അർഹത നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡം ക്ഷേമനിധി അംഗത്വമാണ്. 18 വയസ് പൂർത്തിയാക്കിയ ഒരു ക്ഷീര സംഘത്തിൽ കുറഞ്ഞത് 500ലിറ്റർ പാൽ വിപണനം നടത്തുന്ന ഒരു കർഷകന് ക്ഷേമനിധി അംഗത്വത്തിന് അർഹതയുണ്ട്.
*വാർദ്ധക്യകാലത്ത് കൈത്താങ്ങായി ക്ഷേമനിധി പെൻഷൻ
ഒരാൾ ക്ഷേമനിധി അംഗമായതിന് ശേഷം 5 വർഷമെങ്കിലും കുറഞ്ഞത് 500 ലിറ്റർ പാൽ പ്രതിവർഷം സംഘത്തിൽ അളക്കുകയും 60 വയസ് പൂർത്തീകരിക്കുകയും ചെയ്താൽ പെൻഷന് അർഹതയുണ്ട്. നിലവിൽ സർക്കാർ ധനസഹായത്തോടെ നൽകി വരുന്ന 1600 രൂപ നിരക്കിലുള്ള ക്ഷേമ പെൻഷനിൽ 1300 രൂപ സർക്കാർ വിഹിതവും 300 രൂപ ക്ഷേമനിധി വിഹിതവുമാണ്.
*സമഗ്ര സാമൂഹിക സുരക്ഷാപദ്ധതി -ക്ഷീര സുരക്ഷ പദ്ധതി
ക്ഷീര കർഷകർക്ക് വേണ്ടി സാമൂഹിക സുരക്ഷാപദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. അപകട മരണത്തിന് 50,000 രൂപയും അപകടം, സ്ട്രോക്ക് എന്നിവ മൂലം ഉണ്ടാവുന്ന സ്ഥായിയായ അവശതയ്ക്ക് 10,000രൂപ വീതവും നൽകുന്നു. മാരക രോഗങ്ങൾക്ക് പരമാവധി 15000 രൂപയും, പകർച്ചവ്യാധി, പശു പരിപാലനത്തിനിടെ ക്ഷീര കർഷകർക്ക് ഉണ്ടാവുന്ന അസുഖങ്ങൾ, ശസ്ത്രക്രിയ ആവശ്യമില്ലാത്ത ഗുരുതര പരിക്കുകൾ, പാമ്പുകടി, പേ വിഷബാധ എന്നിവയ്ക്ക് പരമാവധി 2000 രൂപയും നൽകുന്നു.