തുടർച്ചയായ രണ്ടാം മാസവും കെ എസ് ആർ ടി സി പെൻഷൻ വിതരണം തടസപ്പെട്ടു.

തിരുവനന്തപുരം:

മൂന്നരവർഷത്തിനു ശേഷം ആദ്യമായാണ് തുടർച്ചയായ രണ്ടാം മാസവും കെ എസ് ആർ ടി സിയിൽ പെൻഷൻ വിതരണം മുടങ്ങിയത്. ജൂൺ, ജൂലായ് മാസങ്ങളിലെ പെൻഷനാണ് മുടങ്ങിയത്. 40,700 കെ എസ് ആർ ടിസി. പെൻഷൻകാരാണ്‌ ദുരിതത്തിലായത്‌. 63 കോടി രൂപയാണ് ഒരുമാസം പെൻഷൻ നൽകുന്നതിനായി സർക്കാർ ചെലവ്. ഈ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പെൻഷൻ ഫയൽ സഹകരണ വകുപ്പിലാണെന്നും അവിടെനിന്നു മുഖ്യമന്ത്രിയുടെ പക്കൽ എത്തി ഉടൻതന്നെ തുക വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. പെൻഷന് 10 ശതമാനം പലിശയാണ് സർക്കാർ സഹകരണ ബാങ്കിന് നൽകിയിരുന്നത്. പലിശ 8.8 ശതമാനമായി കുറയ്ക്കണമെന്ന് ധനകാര്യവകുപ്പ് നിർദേശിച്ചു. ഈ സാങ്കേതികപ്രശ്നത്തിൽ കുടുങ്ങിയാണ് പെൻഷൻവിതരണം മുടങ്ങിക്കിടക്കുന്നതെന്നാണ് വിവരം. ഉടൻതന്നെ പെൻഷൻ വിതരണം ചെയ്യണമെന്ന് എം ഡി യോട് ആവശ്യപ്പെട്ടതായി കെ എസ് ആർ ടി സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എ മുഹമ്മദ് അഷ്‌റഫ് പറഞ്ഞു.

Related Posts