ഫീഡർ സർവീസുകൾക്ക് തുടക്കം കുറിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് ആരംഭം. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ വിജയകരമായ സിറ്റി സർക്കുലർ സർവീസിനു അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് പേരൂർക്കടയിൽ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി നൂതന ഫീഡർ സർവീസുകൾ ആരംഭിച്ചതായും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി. നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലും റെസിഡൻഷ്യൽ ഏരിയകളിലും താമസിക്കുന്നവർക്ക് കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ കഴിയാത്തതിനാൽ, സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുകയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. കോവിഡിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സേവനങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Posts