കെഎസ്ആർടിസി ഗവി ടൂർ പാക്കേജിന് ഡിസംബർ ഒന്നിന് തുടക്കം; ആദ്യ സർവീസ് പത്തനംതിട്ട ഡിപ്പോയിൽ നിന്ന്
പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജുകൾ ഡിസംബർ 1 മുതൽ ആരംഭിക്കും. ഒരു ദിവസത്തെ പാക്കേജാണ് ഒരുക്കുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ്. രാവിലെ 6.30നാണ് സർവീസ്. 70 കിലോമീറ്ററിലധികം ദൈർഘ്യമുള്ള വനയാത്രയാണ് കെ.എസ്.ആർ.ടി.സി. ഒരുക്കുന്നത്. വ്യൂ പോയിന്റുകളും, കെ.എസ്.ഇ.ബിയുടെ ഡാമുകളായ മൂഴിയാര്‍, കക്കി-ആനത്തോട്, കൊച്ചുപമ്പ, ഗവി തുടങ്ങിയ സ്ഥലങ്ങളും കാണാം. കൊച്ചുപമ്പയില്‍ ബോട്ടിംഗും ക്രമീകരിച്ചിട്ടുണ്ട്. വള്ളക്കടവ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലിമേട് സന്ദർശിച്ച് രാത്രിയോടെ പത്തനംതിട്ടയിലേക്ക് മടങ്ങാം. 36 സീറ്റുള്ള പ്രത്യേക ബസാണ് കെ.എസ്.ആര്‍.ടി.സി. ക്രമീകരിക്കുന്നത്. തിരുവല്ലയിൽ നിന്ന് നാലിന് പുലർച്ചെ 6 നാണ് രണ്ടാമത്തെ സർവീസ്. അതിനുശേഷം അടുത്ത ദിവസം അടൂരിൽ നിന്ന് സർവീസ് ഉണ്ടാകും. തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ മേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ മേഖല ഉൾപ്പെടെ കെ.എസ്.ആർ.ടി.സിയുടെ മൂന്ന് സോണുകളിൽ നിന്ന് വരും ദിവസങ്ങളിൽ ടൂർ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും.