വരുമാനം കൂട്ടാന്‍ കെഎസ്ആര്‍ടിസി;സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയില്‍ വലയുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികള്‍. പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. അതത് യൂണിറ്റുകളില്‍ വേണ്ട ബസുകളുടെ എണ്ണം ആവശ്യാനുസരണം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ 3800 സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍വ്വീസ് കൂട്ടണമെന്ന് നേരത്തെ യൂണിയനുകളും ആവശ്യപ്പെട്ടിരുന്നു. കൊവിഡിന് മുമ്പ് കെഎസ്ആര്‍ടിസിയില്‍ അയ്യായിരത്തോളം സര്‍വ്വീസുകള്‍ ഉണ്ടായിരുന്നു.
രാവിലെ 6 മുതല്‍ പത്ത് വരേയും വൈകിട്ട് 3 മുതല്‍ 7 വരേയും സര്‍വ്വീസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ആനുപാതികമായി നിലവിലെ എട്ട് മണിക്കൂറില്‍ നിന്നും ജോലി സമയവും ഉയര്‍ത്തേണ്ടിവരും. അധിക ജോലി സമയത്തിന് ഒരു മണിക്കൂറിന് 75 രൂപ അലവന്‍സ് നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുള്ളത്. എന്നാല്‍ അനാവശ്യമായ ഡ്യൂട്ടി പരിഷ്‌കാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം ഏകപക്ഷീയമാണെന്നും യൂണിയനുകള്‍ ആരോപിച്ചു. നിയമാനുസൃത വേതനമായ 150 രൂപ നല്‍കണമെന്നാണ് യൂണിയന്റെ നിര്‍ദേശം.