കെഎസ്ആർടിസിയുടെ നൈറ്റ് ജംഗിൾ സഫാരിക്ക് തുടക്കം; ആനവണ്ടിയുടെ രാത്രിയാത്ര വയനാട്ടിൽ

കൽപ്പറ്റ: വനപാതയിലൂടെ വിനോദ സഞ്ചാരികൾക്കായി കെഎസ്ആർടിസിയുടെ വൈൽഡ് ലൈഫ് സഫാരി. വയനാട്ടിലെ ബത്തേരി ഡിപ്പോയിൽ നിന്നാണ് വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി ആരംഭിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായാണ് കെഎസ്ആർടിസി നൈറ്റ് ജംഗിൾ സഫാരി ഒരുക്കുന്നത്. വയനാട് വന്യജീവി സങ്കേതത്തിലൂടെയാണ് ആനവണ്ടിയുടെ രാത്രിയാത്ര. ടൂറിസ്റ്റുകൾക്ക് സവിശേഷമായ യാത്രാ അനുഭവം നൽകുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം. രാത്രി 8 മണിക്ക് ബത്തേരി ഡിപ്പോയിൽ നിന്ന് വിനോദസഞ്ചാരികളുമായി പുറപ്പെടും. മുത്തങ്ങ, വടക്കനാട്, ഇരുളം എന്നിവിടങ്ങളിലൂടെ കറങ്ങി രാത്രി 11.30 ഓടെ ബസ് ഡിപ്പോയിലേക്ക് തിരിച്ചെത്തും. ആനയും കടുവയും ഇറങ്ങുന്ന വനത്തിലൂടെ 60 കിലോമീറ്ററാണ് സർവീസ്. ഒരാൾക്ക് 300 രൂപയാണ് ഈ രാത്രി യാത്രയുടെ ടിക്കറ്റ് നിരക്ക്. രാത്രിയാത്രയ്ക്ക് നിയന്ത്രണങ്ങളില്ലാത്ത കാട്ടുമൃഗങ്ങളെ ഏറ്റവും അടുത്ത് കാണാൻ കഴിയുന്ന പാതയിലൂടെയാണ് ജംഗിൾ സഫാരി. ആദ്യഘട്ടത്തിൽ ബത്തേരി ഡിപ്പോയിൽ സ്ലീപ്പർ ബസുകളിൽ മുറികൾ ബുക്ക് ചെയ്യുന്ന വിനോദസഞ്ചാരികളെയാണ് നൈറ്റ് സഫാരിക്ക് കൊണ്ടുപോവുന്നത്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ രണ്ട് ബസുകളാണ് ഒരുക്കിയിരിക്കുന്നത്.

Related Posts