സ്വിഫ്റ്റിന്റെ വേഗപരിധി 90 കിലോമീറ്റര്‍ തന്നെയെന്ന് കെഎസ്ആര്‍ടിസി
സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററാണെന്ന ആരോപണം കെഎസ്ആർടിസി നിഷേധിച്ചു. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് അതിവേഗത്തിൽ സ്വിഫ്റ്റ് ബസുകൾ ഓടിക്കാൻ മാനേജ്മെന്‍റ് നിർദേശം നൽകിയെന്നാരോപിച്ച് ട്രേഡ് യൂണിയനുകൾ രംഗത്തെത്തിയിരുന്നു. സ്വിഫ്റ്റ് ബസുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററാണ്. മറ്റ് സംസ്ഥാനങ്ങളിലെ വോൾവോ ബസുകളുടെ സമയവും സ്വിഫ്റ്റ് ബസുകളുടെ സമയവും തമ്മിലുള്ള അന്തരം കാരണം യഥാസമയം എത്താൻ കഴിയാത്തതിനാലാണ് കളക്ഷൻ കുറയുന്നതെന്ന് ജീവനക്കാർ മാനേജ്മെന്‍റിനെ അറിയിച്ചിരുന്നു. തമിഴ്നാട്ടിൽ ബസുകളുടെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററും സ്വിഫ്റ്റ് ബസുകൾക്ക് 90 കിലോമീറ്റർ വേഗപരിധിയും ഉള്ളതിനാൽ രണ്ടും മൂന്നും മണിക്കൂര്‍ വൈകുന്നതായും പരാതി ഉയർന്നിരുന്നു. സ്ഥിരമായി വൈകുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറയുകയാണ്. ഇതിന് പരിഹാരമെന്നോണം തമിഴ്നാട്ടിൽ 110 കിലോമീറ്റർ വേഗത്തിലാണ് വാഹനം ഓടിക്കുന്നതെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മാനേജ്മെന്‍റ് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.