കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; യൂണിയനുകളുമായി ഇന്ന് മന്ത്രിതല ചര്‍ച്ച
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിൽ ശമ്പള പ്രതിസന്ധി തുടരുന്നതിനിടെ അംഗീകൃത യൂണിയനുകളുമായി ഇന്ന് മന്ത്രിതല യോഗം ചേരും. രാവിലെ 9.30ന് നടക്കുന്ന ചർച്ചയിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവും തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും പങ്കെടുക്കും. ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിലുളള പ്രതിഷേധം യൂണിയനുകൾ ചർച്ചയിൽ രേഖപ്പെടുത്തും. പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി വേണമെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ഇത് യൂണിയനുകൾ അംഗീകരിച്ചിട്ടില്ല. എട്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്ക് ശേഷമുളള സമയത്തിന് അധിക വേതനമാണ് യൂണിയനുകൾ നിർദേശിക്കുന്നത്. അതേസമയം ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കേണ്ടതുണ്ട്. ഇതിനായി 10 ദിവസം കൂടി സമയം നൽകണമെന്നാണ് അഭ്യർത്ഥന. ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം നൽകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ശമ്പളം നൽകിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു.