അഴീക്കോട് മുതൽ മെഡിക്കൽ കോളേജ് വരെ കെഎസ്ആർടിസി സർവീസ്
മതിലകം ബ്ലോക്ക് നിവാസികളുടെ ചിരകാല സ്വപനമായ അഴീക്കോട് മുതൽ മെഡിക്കൽ കോളേജ് വരെയുള്ള കെഎസ്ആർടിസി സർവീസ് ഇന്ന് മുതൽ ആരംഭിക്കും. രാവിലെ ആറു മണിക്കാണ് ആദ്യ സർവീസ്. തുടർന്ന് എല്ലാ ദിവസവും അഴീക്കോട് ജെട്ടിയിൽ നിന്ന് പുറപ്പെട്ട് എറിയാട്, കാര, അസ്മാബി കോളേജ്, പൊക്സായ്, താടി വളവ്, പെരിഞ്ഞനം, മൂന്നുപീടിക, കാള മുറി, ചെന്ത്രാപ്പിന്നി, വാടാനപ്പിള്ളി കടന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്ന തരത്തിലാണ് റൂട്ട് ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ നിർധനരായ രോഗികൾ ഉൾപ്പെടെ മൂന്നും നാലും ബസകൾ മാറി കയറിയാണ് മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. കെഎസ്ആർടിസിയുടെ തിരിച്ചുള്ള സർവീസും ദിവസത്തിൽ എത്ര ട്രിപ്പ് വേണമെന്നുള്ള തീരുമാനം ഉടനെ സ്വീകരിക്കുമെന്ന് ഇടി ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു.