കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശ്ശാല ഡിപ്പോയിൽ മാത്രമായിരിക്കും സിംഗിൾ ഡ്യൂട്ടി വരിക. നേരത്തെ എട്ട് ഡിപ്പോകളിൽ ഇത് നടപ്പാക്കാനായിരുന്നു കരാർ. എന്നാൽ തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായി അധിക ശമ്പളം നൽകും. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ എല്ലാ ഡിപ്പോകളിലും മാറ്റങ്ങൾ വരുത്തി നടപ്പാക്കും.  ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കോൺഗ്രസ് അനുകൂല ടിഡിഎഫ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിൻവാങ്ങി. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റും ഗതാഗതമന്ത്രിയും സ്വീകരിച്ചത്. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിനിടെയാണ് ടിഡിഎഫ് പിൻമാറിയത്. അതേസമയം സർക്കാർ സഹായമായ 50 കോടി കെഎസ്ആർടിസിക്ക് അനുവദിച്ചു. സെപ്റ്റംബർ മാസത്തെ ശമ്പളം ജീവനക്കാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും.

Related Posts