ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി
വയനാട്: വയനാട് ജില്ലയിൽ വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ 60 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് നടത്തുക. ബത്തേരി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരം സഞ്ചരിക്കും. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാൾക്ക് 300 രൂപയാണ് ടിക്കറ്റ് നിരക്ക്. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ആന്‍റണി രാജു നിർവഹിച്ചു. കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരികളെ ഉൾക്കൊള്ളാൻ ബജറ്റ് ടൂറിസം സെൽ സ്ലീപ്പർ ബസുകളും സജ്ജമാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളുള്ള എസി ഡോർമിറ്ററികളാണ് സ്ലീപ്പർ ബസിനുള്ളത്. വിനോദ സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയിൽ ഇത്തരത്തിൽ മൂന്ന് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.