കെ എസ് ആർ ടി സി സ്കൂൾ ബോണ്ട് സർവീസ്; എല്ലാ വിദ്യാർഥികള്‍ക്കും ബസ് യാത്ര ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു
തിരുവനന്തപുരം: സ്കൂൾ തുറന്നാൽ എല്ലാ വിദ്യാർഥികൾക്കും ബസ് സർവീസ് ഉറപ്പാക്കുമെന്നും സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടാൽ കെ എസ് ആർ ടി സി സ്കൂൾ ബോണ്ട് സർവീസ് എന്ന പേരിൽ ബോണ്ട് സർവീസ് തുടങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. നിശ്ചിത നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും ബോണ്ട് സർവീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് കൂടുതൽ ബസ്സുകൾ ആവശ്യം വന്നാൽ അതിനായി സ്വാകാര്യബസ്സുകളുമായി ദീർഘകാല കരാരിന് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഒക്ടോബർ 20-ന് മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാൻ അനുവദിക്കൂവെന്നും കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഗതാഗത വകുപ്പ് മാർഗരേഖ പുറത്തിറക്കി.