കേരളത്തിലെ 35 ലക്ഷം വാഹനങ്ങള്‍ക്ക് ഇനി ആയുസ് 6 മാസം; കെഎസ്ആർടിസി പൊളിക്കല്‍ കേന്ദ്രം തുറക്കും

തിരുവനന്തപുരം: പഴയ വാഹനങ്ങൾക്കായി പൊളിക്കൽ കേന്ദ്രം ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം കെഎസ്ആർടിസിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. 2023 ഏപ്രിൽ മുതൽ വാണിജ്യ വാഹനങ്ങൾക്കും 2024 ജൂൺ മുതൽ സ്വകാര്യ വാഹനങ്ങൾക്കും യന്ത്രവത്കൃത ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാണ്. പരാജയപ്പെടുന്ന വാഹനങ്ങൾ പൊളിക്കേണ്ടിവരും. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന കെഎസ്ആർടിസിക്ക് പൊളിക്കൽ കേന്ദ്രങ്ങൾ അവസരമാകുമെന്നാണ് കരുതുന്നത്. പൊതുമേഖലയിൽ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ വന്നാൽ സ്വകാര്യ ഏജൻസികളുടെ ചൂഷണവും ഒഴിവാക്കാനാകും. കെഎസ്ആർടിസിക്ക് 172.86 ഹെക്ടർ ഭൂമിയുണ്ട്. ബസിന്‍റെ പ്രവർത്തനത്തിന് ഇതിന്‍റെ നാലിലൊന്ന് പോലും ആവശ്യമില്ല. പല സ്ഥലങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. പൊളിക്കൽ കേന്ദ്രത്തിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയെങ്കിലും വേണ്ടിവരും. വാഹനങ്ങൾ പാർക്ക് ചെയ്യാനും പ്ലാന്‍റ് സ്ഥാപിക്കാനും സൗകര്യമുണ്ടാകണം. 1.40 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 35 ലക്ഷത്തോളം വാഹനങ്ങൾക്ക് 20 വർഷം പഴക്കമുണ്ട്. പഴയ വാഹനങ്ങൾ പൊളിക്കുന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെ പൊതുമേഖലയിലോ സ്വകാര്യ മേഖലയിലോ ടെസ്റ്റിംഗ് ആൻഡ് സ്ക്രാപ്പിംഗ് സെന്‍ററുകൾ സ്ഥാപിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.

Related Posts