കെഎസ്ആർടിസിക്ക് ലഭിക്കേണ്ട ദീര്‍ഘദൂര റൂട്ടുകള്‍ മാര്‍ച്ചില്‍ ഏറ്റെടുക്കും: മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സ്വകാര്യമേഖലയിൽ നിന്ന് ലഭിക്കേണ്ട ദീർഘദൂര റൂട്ടുകൾ മാർച്ചിൽ ഏറ്റെടുക്കുമെന്ന് മന്ത്രി ആന്‍റണി രാജു. പ്ലാൻ ഫണ്ടിൽ നിന്ന് പുതിയ ഡീസൽ ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി മേഖലയിലെ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നീട്ടുന്നത് നിലവിലെ യാത്രാക്ലേശം പരിഹരിക്കാനാണെന്നും ഇത് താൽക്കാലിക സംവിധാനം മാത്രമാണെന്നും മന്ത്രി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി മേധാവിയില്‍നിന്ന് മന്ത്രി വിശദീകരണം തേടിയിരുന്നു. ആവശ്യത്തിന് ബസുകൾ ഇല്ലെന്നും വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മാനേജ്മെന്‍റ് അറിയിച്ചു. സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാകുന്ന വിവരം കെ.എസ്.ആർ.ടി.സി അധികൃതർ അറിഞ്ഞിരുന്നു. സ്വകാര്യ ബസ് പെർമിറ്റ് 140 കിലോമീറ്ററായി കുറച്ച ശേഷം ഓടിത്തുടങ്ങാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിരുന്നു. ഇതിനിടെ പെർമിറ്റ് ചുരുക്കാതെ സ്വകാര്യ ബസുകൾ നിര്‍ത്തിയിട്ടു. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. ഇക്കാരണത്താൽ, തൽക്കാലം തുടരാൻ അനുവദിച്ചിരുന്നു. റൂട്ട് ഏറ്റെടുക്കാത്തത് കെ.എസ്.ആർ.ടി.സിക്കുള്ളിലും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ലാഭകരമാക്കാൻ പറ്റിയ സാഹചര്യങ്ങളെല്ലാം വിനിയോഗിക്കുമെന്ന് മാനേജ്മെന്‍റ് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, പിഴവ് ന്യായീകരിക്കാന്‍ ആവില്ല.