ചരിത്ര നേട്ടവുമായി കെഎസ്ആർടിസി; പമ്പ-നിലയ്ക്കൽ ചെയിന്‍ സര്‍വീസിന് ഏഴ് കോടി വരുമാനം
പത്തനംതിട്ട: കെഎസ്‌ആർടിസി പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല നേട്ടത്തിൽ. മണ്ഡലകാലം ആരംഭിച്ച് നവംബർ 30 വരെ 7 കോടിയോളം രൂപയാണ് കെഎസ്‌ആർടിസി നേടിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള(17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ 10 ലക്ഷം പേരാണ് ശബരിമലയിൽ എത്തിയത്. ശബരിമല മണ്ഡലകാല മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. നിലയ്ക്കൽ-പമ്പ റൂട്ടിൽ 171 ചെയിൻ സർവീസുകളും 40 അധിക കെഎസ്‌ആർടിസി സർവീസുകളും പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവയെ ബന്ധിപ്പിക്കുന്ന 18 അന്തർ സംസ്ഥാന സർവീസുകളും, പമ്പയിൽ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകളുമുണ്ട്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ചെന്നൈ, മധുര സർവീസുകൾ ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവകാല റെക്കോർഡിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ടക്ടർമാരില്ലാത്ത സർവീസുകൾ നിലയ്ക്കൽ മുതൽ പമ്പ വരെയും തിരിച്ചും സർവീസ് നടത്തുന്നുണ്ട്. ഇതിനായി നിലയ്ക്കലിലും പമ്പയിലും 10 വീതം പ്രത്യേക കൗണ്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പ സ്വാമിമാർക്ക് കൗണ്ടറിൽ നിന്ന് മുൻകൂട്ടി ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാം. പ്രായമായവർക്കും മുതിർന്ന പൗരന്മാർക്കും ഗ്രൂപ്പ് ടിക്കറ്റുകൾക്കുമായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.