കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര സൂപ്പർ ഹിറ്റ്; ആദ്യ ട്രിപ്പിന് ഒരു വയസ്
മലപ്പുറം: കെഎസ്ആർടിസിയുടെ 'ഉല്ലാസയാത്ര' വിപ്ലവത്തിന് തുടക്കമിട്ട മലപ്പുറം ഡിപ്പോയിൽ നിന്നുള്ള ആദ്യ മൂന്നാർ യാത്രയ്ക്ക് ഈ 16ന് ഒരു വയസ് തികയും. അന്ന് ഡബിൾ ബെൽ മുഴക്കിയ ചെലവ് കുറഞ്ഞ ടൂറിസം പദ്ധതിയിലേക്ക് മറ്റ് ഡിപ്പോകളും സർവീസ് തുടങ്ങിയതോടെ പദ്ധതി ബംപർ ഹിറ്റായി. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിന് പുറമേ, അപ്രഖ്യാപിത ടൂറിസ്റ്റ് കേന്ദ്രങ്ങളെ പോലും പ്രശസ്തമാക്കാൻ ഇത് സഹായിച്ചു. വനസഫരി, ബോട്ട് യാത്രകൾ എന്നിവയ്ക്ക് പുറമേ, കപ്പൽ യാത്ര വരെ നടത്തി. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്ആർടിസിക്ക് പിടിച്ചുനിൽക്കാനുള്ള അനുഗ്രഹമായും ഉല്ലാസയാത്രകൾ തിളങ്ങി.