പൂർണമായും ഡിജിറ്റലാകാൻ ഒരുങ്ങുന്നു കുടുംബശ്രീ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ രേഖപ്പെടുത്തും. വായ്പ നൽകുന്നതിലെ ക്രമക്കേട് അടക്കം തടയാനാണ് ഡിജിറ്റലൈസ് ചെയ്യുന്നത്.

സംസ്ഥാനത്ത് 2,53,000 അയൽക്കൂട്ടങ്ങളുണ്ട്. അയൽക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന എഡിഎസ്- സിഡിഎസ് മേൽനോട്ട സംവിധാനങ്ങളുമുണ്ട്. അയൽക്കൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍ ഇവരുടെ വായ്പ നിക്ഷേപം, സ്ഥാപനങ്ങള്‍ എന്നിവരുടെ പൂർണമായ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിട്ടില്ല. വായ്പ വിവരങ്ങളും നിക്ഷേപങ്ങളുമെല്ലാം അയ‌ൽകൂട്ടങ്ങള്‍ രജിസ്റ്ററിൽ എഴുതി മേൽ കമ്മിറ്റിക്ക് കൈമാറുകയാണ് ചെയ്യുന്നത്. വാർഷിക ഓ‍ഡിറ്റ് മാത്രമാണുള്ളത്.

പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അൽക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങളെ തുടർച്ചയായി പരിശോധിക്കുകയാണ് ലക്ഷ്യം. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ കേന്ദ്രസർക്കാരിന്റെ ലോക്കോസ് എന്ന മൊബൈൽ ആപ്പ് വഴിയാണ് കുടുംബശ്രീകളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. ആദ്യം അയൽകൂട്ടങ്ങളുടെ പേര്, അംഗങ്ങള്‍ എന്നിവ ആപ്പിൽ രേഖപ്പെടുത്തും. അതിന് ശേഷം സാമ്പത്തിക വിവരങ്ങള്‍ രേഖപ്പെടുത്തും. ഇതിനായി റിസോഴ്സ് പേഴ്സണ്‍മാരെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചു.

എല്ലാ ആഴ്ചയിലും ഈ റിസോഴ്സ് പേഴ്സണ്‍മാർ അയൽകൂട്ടങ്ങളുടെ വിവരങ്ങള്‍ ആപ്പിലേക്ക് രേഖപ്പെടുത്തും. ജൂലൈ31ന് മുമ്പ് അയൽകൂട്ടങ്ങളുടെ പൂർണ വിവരങ്ങള്‍ ആപ്പിൽ ഉള്‍പ്പെടുത്തും. ഇതിനു ശേഷം മേൽഘടകങ്ങളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തും. കുടുംബശ്രീയുടെ താഴേത്തട്ടിലുള്ള പ്രവർത്തനങ്ങള്‍ വരെ കൃത്യമായി പരിശോധിക്കാൻ പുതിയ ആപ്പുവഴി കഴിയും. സാമ്പത്തിക ക്രമക്കേടുകളും തടയാനും കഴിയും. തൃശൂർ മുല്ലശേരി ബ്ലോക്കിൽ ഡിജിറ്റലൈസിംഗ് പൂ‍ർണ വിജയമായി ആദ്യഘട്ടത്തിൽ നടപ്പാക്കി. തുടർന്നാണ് സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചത്. കേരളത്തിലെ ദാരിദ്ര്യ നി‍ർമാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്.

Related Posts