ഇനി വിഷം കഴിക്കണ്ട, ആരോഗ്യമുള്ള സമൂഹത്തിനായി കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ

വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി, പഴവർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കാനായി അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിനുമായി ജില്ലാ കുടുംബശ്രീ മിഷൻ. പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും പോഷക സമൃദ്ധമായ പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനുമായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ. മൂന്ന് സെൻ്റ് മുതലുള്ള സ്ഥലങ്ങളിൽ ജൈവ രീതിയിൽ കാർഷിക വിളകൾ ഉൽപ്പാദിപ്പിക്കാം. ക്യാമ്പയിൻ്റെ ഭാഗമാകുന്നവർ തക്കാളി, പാവൽ, ചീര, മഞ്ഞൾ, മല്ലി, പുതിന, വെണ്ട, വഴുതന, വെള്ളരി എന്നിവയിൽ ഏതെങ്കിലും അഞ്ചിനം പച്ചക്കറികളും പപ്പായ, പേര, നെല്ലി, തുടങ്ങി രണ്ടിനം ഫലവൃക്ഷങ്ങളുമാണ് കൃഷി ചെയ്യേണ്ടത്.ഗ്രാമപഞ്ചായത്ത് തലത്തിൽ ഓരോ വാർഡിലും തിരഞ്ഞെടുക്കപ്പെട്ട 50 പ്ലോട്ടുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 1465 വാർഡുകളിൽ ഏകദേശം 75,000 കുടുംബങ്ങളിലായി 2000 ഏക്കർ സ്ഥലത്ത് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിക്കുന്നത് ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലാണ്.

Related Posts