ഓണ വിപണന മേളയില്‍ വിജയം കൈവരിച്ച് കുടുംബശ്രീ
കൊവിഡ് മഹാമാരി കാലത്തും ഓണവിപണി കീഴടക്കി കുടുംബശ്രീയുടെ ഓണം വിപണന മേളകള്‍. 'കരുതലോടെ ആഘോഷിക്കാം, ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 108 ഓണ വിപണന മേളകളാണ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 84 ഓണചന്തകളും നഗരസഭാ തലത്തില്‍ വടക്കാഞ്ചേരിയില്‍ നടന്ന 8 ചന്തകള്‍ ഉള്‍പ്പെടെ 20 ഓണ ചന്തകളും ജില്ലാതലത്തില്‍ നെന്മണിക്കര ഗ്രാമപഞ്ചായത്ത്, കലക്‌ട്രേറ്റ്, എം.ജി റോഡ്, കുടുംബശ്രീ ബസാര്‍ എന്നിവിടങ്ങളിലായി 4 ജില്ലാതല ഓണ ചന്തകളുമാണ് സംഘടിപ്പിച്ചത്. കുടുംബശ്രീ ഉല്‍പന്നങ്ങളും സംഘകൃഷി ഗ്രൂപ്പുകള്‍ ഉല്‍പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളൂം ഓണ വിപണന മേളകളിലൂടെ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ സാധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച ഓണം വിപണന മേളകളിലൂടെ ആകെ 12556930 രൂപയുടെ വിറ്റു വരവാണ് ഉണ്ടായത്. 3077 ജെ.എല്‍.ജി ഗ്രൂപ്പുകളില്‍ നിന്ന് 5076559 രൂപയുടെ വിറ്റുവരവും 1822 സംരംഭക ഗ്രൂപ്പുകളില്‍ നിന്ന് 7480371 രൂപയുടെ വിറ്റുവരവും ലഭിച്ചു. ഓണം വിപണന മേളയുടെ വിറ്റുവരവില്‍ 8.44 ലക്ഷം വിറ്റ് വരവ് നേടി നെന്മണിക്കര സി.ഡി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊവിഡ് മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് ഓണവിപണന മേളകള്‍ വലിയൊരു അനുഗ്രഹമായി മാറിയതായി ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ജ്യോതിഷ്‌കുമാര്‍ അറിയിച്ചു.